ആലുവയിൽ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

ആലുവയിൽ നിന്ന് ഞായറാഴ്ച വൈകീട്ട് നാലരയോടെ കാണാതായ 12കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. ബംഗാൾ സ്വദേശിയായ സുഹൃത്തിനോടൊപ്പമായിരുന്നു പെൺകുട്ടി. ജന്മനാടായ കൊൽക്കത്തയിലേക്ക് പോകാനിരിക്കെയാണ് പൊലീസ് കണ്ടെത്തിയത്.

മുർഷിദാബാദിൽ നിന്നെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ഥലം കണ്ടെത്തിയത്. ബംഗാളിൽ നിന്ന് ഈയിടെ മാതാപിതാക്കളോടൊപ്പമെത്തിയ പെൺകുട്ടിയെ ആലുവ എടയപ്പുറം ഭാഗത്ത് നിന്നാണ് വൈകിട്ടോടെ കാണാതായത്. പെൺകുട്ടി രണ്ട് യുവാക്കളോടൊപ്പം പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. കൊൽക്കത്ത ട്രെയിനുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളാണ് 12-കാരിയെ കണ്ടെത്താൻ സഹായകമായത്. മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് ഊർജിതമായി ഇടപെട്ടത്.