![aluva-mi](https://thekarmanews.com/wp-content/uploads/2024/05/aluva-mi.jpg)
കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട് നിന്നാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബംഗാൾ സ്വദേശികളുടെ മകളാണ്.
വീട്ടുകാർ പരിസരങ്ങളിൽ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽനിന്ന് പെൺകുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേർ പെൺകുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു.
ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്. ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശമറിയിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തതായി ഡിവൈഎസ്പി പ്രസാദ് പ്രതികരിച്ചു.