‘ഞാനൊരു എം പി അല്ലെ? ഇങ്ങനെയൊക്കെ ചെയ്യാമോ?’

ന്യൂഡൽഹി/ ‘ഞാനൊരു എം പി അല്ലെ..? ഇങ്ങനെയൊക്കെ ചെയ്യാമോ ?’ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം ഡൽഹി പോലീസിനോട് ചോദിച്ച ചോദ്യമാണിത്. അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്‍റ് മാർച്ചിൽ എംപിയെന്ന പരിഗണന പോലും നൽകാതെ പോലീസ് തന്നെ വലിച്ചിഴക്കുകയായിരുന്നെന്ന് എ.എ. റഹീമിന്റെ പരാതി.

ജനാധിപത്യ രീതിയിൽ നടത്തിയ പ്രതിഷേധത്തെ പോലീസ് അടിച്ചമർത്തുകയാ യിരുന്നുവെന്നും ‘എംപിയെന്ന പരിഗണന പോലും നൽകാതെ പോലീസ് ബലം പ്രയോഗിച്ചു. എത്ര നിഷ്ഠൂരമായാണ് ഈ പോലീസ് പെരുമാറുന്നത്. തോറ്റുപിൻമാറില്ല. ആയുധങ്ങളുമായി വന്നാലും അതിനെയെല്ലാം ചെറുക്കാൻ രാജ്യത്തെ വിദ്യാർഥി, യുവജനങ്ങൾ മുന്നോട്ടു വരു’മെന്നും പ്രതിഷേധ മാർച്ചിന് പിന്നാലെ റഹീം മാധ്യങ്ങളോട് പറഞ്ഞു.

അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ ഡിവൈഎഫ്എയും എസ്എഫ്‌ഐയും സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരെ പോലീസ് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രവർത്തകർ ബലം പ്രയോഗിക്കുകയായിരുന്നു. ഇതോടെയാണ് പ്രവർത്തകരെ പോലീസിന് ബലം പ്രയോഗിച്ച് നീക്കം ചെയ്യേണ്ടി വന്നത്.

ജന്ദര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റിലേയ്ക്ക് സമാധാനപരമായി നടന്ന മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ പ്രവര്‍ത്തകരെ തടയുകയായിരുന്നു. എഎ റഹീം , മയൂഖ് വിശ്വാസ്, ഐഷെ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.