അമല പോൾ അമ്മയായി,​ കുഞ്ഞു ജനിച്ചിട്ട് ഒരാഴ്ച

സിനിമാ താരം അമല പോൾ ആൺ കുഞ്ഞിന് ജന്മം നൽകി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂൺ 11-നായിരുന്നു കുഞ്ഞിൻറെ ജനനം. ‘ഇളയ്’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. “ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ, ഇളയ്” എന്ന ക്യാപ്ഷനോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4-നാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിശേഷം അമല പങ്കിട്ടത്.

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അമല പോൾ ചിത്രം. ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനു ആയിട്ടാണ് അമല എത്തിയത്. 2009-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം.