സിദ്ദുവിന് പാക് ബന്ധം; ഗുരുതര ആരോപണവുമായി അമരീന്ദർ സിംഗ്

പഞ്ചാബിലെ കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരായ ഗുരുതര ആരോപണവുമായി അമരീന്ദർ സിംഗ്. നവ്ജ്യോത് സിം​ഗ് സിദ്ദുവിന് പാക് ബന്ധം ഉണ്ടെന്നാണ് അമരീന്ദർ സിംഗിന്റെ ആരോപണം. പാകിസ്താൻ പ്രധാനമന്ത്രിയായും കരസേനാമേധാവിയായും സിദ്ദുവിന് ബന്ധമുണ്ടെന്നും സിദ്ദു മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നും അമരീന്ദർ സിം​ഗ് പറഞ്ഞു. സിദ്ദുവിനെ മുഖമന്ത്രിയാക്കുന്നതിനുള്ള സകല നീക്കങ്ങളെയും ദേശീയ സുരക്ഷയെ മുൻനിർത്തി എതിർക്കുമെന്നും അമരീന്ദർ സിം​ഗ് കൂട്ടിച്ചേർത്തു.

പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിം​ഗ് സിദ്ദുവുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് രാജിവച്ചിരുന്നു. അമരീന്ദര്‍ സിംഗ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ക്യാപ്‌നൊപ്പം മൂന്ന് എംപിമാരും ഏഴ് മന്ത്രിമാരും 25 എംഎല്‍എമാരും രാജ്ഭവനിലെത്തി. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.

സിദ്ദുവിന്റെ സുഹൃത്താണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനറൽ ബജ്‌വയുമായും സിദ്ദുവിന് അടുത്ത ബന്ധമുണ്ട്. നിരവധി ഡ്രോണുകൾ, ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ, ഗ്രനേഡുകൾ, പിസ്റ്റലുകൾ, റൈഫിളുകൾ, എകെ47, ആർഡിഎക്‌സ്, ഹീറോയിനുകൾ എന്നിവ പഞ്ചാബിന്റെ മണ്ണിലേക്ക് പ്രതിദിനം എത്തുന്നുണ്ട്. ഇതെല്ലാം വരുന്നത് പാകിസ്താനിൽ നിന്നാണ്. സിദ്ദുവിന്റെ പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ക്യാപ്റ്റൻ പറഞ്ഞു.