ആമസോണ്‍ മതം മാറ്റുവാന്‍ സഹായം നല്‍കുന്നു; 25000 പേരെ മതപരിവര്‍ത്തനം ചെയ്തു- ആര്‍എസ്എസ് പ്രസിദ്ധീകരണം

ന്യൂഡല്‍ഹി. ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ മതപരിവര്‍ത്തനത്തിന് പണം നല്‍കുന്നതായി ആര്‍എസ്എസ്. അമേസിംഗ് ക്രോസ് കണക്ഷന്‍ എന്ന തലക്കെട്ടോടെ ആര്‍എസ്എസ് പ്രസിദ്ധീകരണമായ ഓര്‍ഗനെസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആരോപണം. അതേസമയം ആമസോണ്‍ ആരോപണം നിഷേധിച്ചു. അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്ന അനധികൃത സംഘടനയുമായി ആമസോണിന് ബന്ധമുണ്ടെന്നും ആരോപണത്തില്‍ പറയുന്നു.

രാജ്യത്തെ വടക്ക് കിഴക്കന്‍ മേഖലയില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഈ സംഘടനയ്ക്ക് ഇന്ത്യയില്‍ ഓള്‍ ഇന്ത്യ മിഷന്‍ എന്ന പേരില്‍ ഒരു സംഘടനയുണ്ട് ഇതുവഴി 25000 പേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും ഓര്‍ഗനൈസര്‍ വ്യക്തമാക്കി. ആമസോണിെ ഈസ്റ്റ് ഇന്ത്യാ കമ്പനി 2 എന്നാണ് പത്രം വിശേഷിപ്പിക്കുന്നത്. അതേസമയം കമ്പനിക്ക് ഓള്‍ ഇന്ത്യ മിഷനുമായി ബന്ധമില്ലെന്നാണ് കമ്പനി വ്യക്താവ് പറയുന്നത്.

അതേസമയം ആമസോണിനെതിരെയും ഓള്‍ ഇന്ത്യ മിഷനെതിരെയും അരുണാചല്‍ പ്രദേശിലെ സോഷ്യല്‍ ജസ്റ്റിസ് ഫോറം ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ സ്ഥാപനങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കുട്ടികളെ നിയമവിരുദ്ധമായി മതം മാറ്റാന്‍ സംഘടനയ്ക്ക് ആമസോണ്‍ ഇന്ത്യ സഹായം നല്‍കി എന്നാണ് പരാതി. തങ്ങള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ ആമസോണ്‍ കൈക്കുലി നല്‍കിയതായും ആര്‍എസ്എസ് ആരോപിച്ചിരുന്നു.