അംബിക റാവുവിന്റെ ചികിത്സയ്ക്ക് മനസ്സറിഞ്ഞ് സംഭാവന നൽകി ജോജു ജോർജ്

സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക. അംബിക തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് കഴിഞ്ഞ ദിവസമെത്തിയിരുന്നു. ഇവരുടെ ചികിത്സാർത്ഥം സംഭാവന സ്വരൂപിക്കാനുള്ള ഉദ്യമത്തിലാണ് സിനിമാ ലോകവും സഹപ്രവർത്തകരും

കഴിഞ്ഞ കുറേ ദിവസങ്ങളായി അംബിക റാവുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയാണ്. ഒട്ടേറെപ്പേർ ഈ സന്ദേശം കൈമാറുകയും ചെയ്യുന്നു. എന്നാൽ അതിനിടയിൽ നടൻ ജോജു നൽകിയ സംഭാവനയുടെ വിവരം വെളിപ്പെടുത്തുകയാണ് സംവിധായകൻ സാജിദ് യഹിയ

അംബിക റാവുവിന്റെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയപ്പോൾ ഒരു വലിയ തുക സംഭാവനയായി നാളെത്തന്നെ നൽകാം എന്ന ഉറപ്പായിരുന്നു ജോജുവിന്റെ മറുപടി. “നന്ദി ജോജു ഏട്ടാ, ആ നല്ല മനസ്സിന്” എന്ന ക്യാപ്ഷ്യനോടുകൂടിയാണ് സാജിദ് ആ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്തുവിട്ടത്. ആ പോസ്റ്റും ജോജു നൽകാമെന്നേറ്റ തുകയും ചുവടെ ചേർക്കുന്നു.കൂടുതലൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ഒരു ലക്ഷം രൂപ നാളെയിടാം എന്നാണ് ജോജു നൽകിയ മറുപടി.കുമ്പളങ്ങി നൈറ്റ്‌സിന് പുറമെ മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം,വൈറസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു.