രണ്ടു വൃക്കയും തകരാറിലായി ഡയാലിസിസിന് പോലും വഴിയില്ലായിരുന്നു.

നടിയും സഹസംവിധായകയുമായ അംബിക റാവുവിന്റെ അവസാന നാളുകൾ ദുരിതക്കയത്തിലായിരുന്നു. തൃശൂർ സ്വദേശിനിയായ താരം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടക്കുക. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് അംബിക പ്രേക്ഷക ശ്രദ്ധ നേടിയത്. ദീർഘകാലം സഹസംവിധായികയായുള്ള അനുഭവ പരിചയവും അവർക്കുണ്ട്.

താരത്തിന്റെ ജീവിതം അവസാന നാളുകളിൽ വളരെ മോശമായ അവസ്ഥയിലായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് വളരെക്കാലമായി അംബിക ചികിത്സയിലായിരുന്നു.. എല്ലാ സഹായവുമായി കൂടെയുണ്ടായിരുന്നത് സഹോദരൻ അജിയാണ്.. അടുത്തിടെ സ്ട്രോക്ക് വന്ന് അജിയും കിടപ്പിലായി. സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയിൽ ആണ് ജീവിതം മുന്നോട്ടുപൊയിക്കൊണ്ടിരുന്നത്.

നിർമാതാവായ എൻഎം ബാദുഷയാണ് മരണ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ‘അസോസിയേറ്റ് ഡയറക്ടറും ചലച്ചിത്ര താരവുമായിരുന്ന അംബിക റാവു അന്തരിച്ചു. അംബികയുമായി നിരവധി സിനിമകൾ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ആദരാഞ്ജലികൾ,’ എന്നാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്.

മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു.