മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച്‌ തിരികെ പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് രണ്ട് ഡ്രൈവർമാർക്ക് പരിക്ക്

മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തിച്ച് കോതമംഗലത്തേക്ക് തിരികെ പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. പുലർച്ചെ 2.50- ഓടെ മാഹിപ്പാലത്തിന് സമീപം പരിമഠത്തായിരുന്നു അപകടം.
എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച്‌ പോകുകയായിരുന്ന ആംബുലൻസാണ്​ അപകടത്തിൽപ്പെട്ടത്​. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് കണ്ണൂർ നാറാത്തുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചിട്ടുണ്ട്. രാവിലെയോടെ പയ്യാമ്പലം ശ്മശാനത്തിൽ വച്ചാണ് സംസ്‌കാരം നടത്തുന്നത്. മന്ത്രി എം. വി. ഗോവിന്ദൻ ഉൾപ്പടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. അതേസമയം, രഖിലിന്റെ മൃതദേഹം മേലൂരിലെ വീട്ടിൽ എത്തിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലായിരുന്നു രഖിലിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്.

കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജിൽ ബി.ഡി.എസ് പൂർത്തിയാക്കി ഹൗസ്​ സർജൻസി ചെയ്യുന്ന കണ്ണൂർ നാറാത്ത് രണ്ടാം മൈൽ പാർവണം പി.വി. മാനസയാണ് (24) വെള്ളിയാഴ്ച വൈകീട്ട്​ മൂന്നുമണിയോടെ കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയും സുഹൃത്തുമായ പാലയാട് മേലൂർ രാഹുൽ നിവാസിൽ രഖിൽ പി. രഘൂത്തമൻ മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച്‌​ ആത്മഹത്യ ചെയ്​തിരുന്നു. മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന കെട്ടിടത്തിൽ അതിക്രമിച്ച്‌ കയറിയ രഖിൽ യുവതിയെ തൊട്ടടുത്ത മുറിയിലേക്ക്​ കൂട്ടിക്കൊണ്ടുപോയി വാതിലടച്ചശേഷം പിസ്​റ്റൾ ഉപയോഗിച്ച്‌​ വെടിയുതിർക്കുകയായിരുന്നു.