ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കും: അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ്വര്‍ധന്‍ എന്നിവര്‍ ഡോക്ടര്‍മാരുമായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുതിര്‍ന്ന പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആശയവിനിമയം നടത്തി.കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാരുടെ പങ്കിനെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. അവര്‍ ഈ പോരാട്ടത്തില്‍ ഇനിയും സമര്‍പ്പിതമായി പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സുരക്ഷിതരാക്കാനായി ഡോക്ടര്‍മാര്‍ സഹിച്ച ത്യാഗങ്ങളെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ആതുരസേവന രംഗത്തുള്ളവരുടെ എല്ലാ ആശങ്കകളും പരിഹരിക്കും. അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ മോദി സര്‍ക്കാര്‍ ഒരു വീഴ്ചയും വരുത്തുകയില്ലെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അടുത്തിടെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച ശ്രീ ഷാ, ഡോക്ടര്‍മാരുടെ എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും പ്രധാനമന്ത്രി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

ആഗോളവും ദേശീയവുമായ സാഹചര്യത്തിനു വിരുദ്ധമാകയാല്‍ പ്രതീകാത്മക പ്രതിഷേധം പോലും ഇപ്പോള്‍ പ്രഖ്യാപിക്കരുതെന്ന് അദ്ദേഹം ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതലത്തിലുള്ള അടിയന്തരപ്രതികരണവും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും നല്‍കിയ ഉറപ്പും പരിഗണിച്ചും, കോവിഡ് -19 നെതിരായ പോരാട്ടത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ നേരത്തെ പ്രഖ്യാപിച്ച പ്രതിഷേധപരിപാടികള്‍ ഐഎംഎ പിന്‍വലിച്ചു.