കെ-റെയില്‍ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടും; വയസായവരെ പോലും മര്‍ദ്ദിച്ച പോലീസിനെ ന്യായീകരിച്ച് ഷംസീര്‍

തിരുവനന്തപുരം: കെ റെയിലിനെതിരെ കേരളത്തില്‍ നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റ് സമരമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. ആ ഇവന്റ് മാനേജ്‌മെന്റ് ദേശീയ പാത, കെ റെയില്‍, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയെല്ലാം എതിര്‍ത്തു. ഒരു തലമുറക്ക് വേണ്ടിയാണ് കെറെയില്‍. എന്തോ മഹാവല്ല്യ കാര്യം പോലെ തൂണുപൊരിക്കലാണ് നിങ്ങളുടെ പണി. പൊലീസ് അടിച്ചു. തൂണ്‍ പൊരിച്ചാല്‍ കുറച്ച് അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും. വികസനം തടസപ്പെടുത്താന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ മുന്നോട്ട് പോകും. വയസായവരെ പോലും പോലീസുകാര്‍ മര്‍ദിച്ചതിനെയാണ് എഎന്‍ ഷംസീര്‍ ന്യായീകരിച്ചത്.

കോണ്‍ഗ്രസും മുസ്ലീം ലീഗും അടങ്ങുന്ന യുഡിഎഫും ബിജെപിയും സാമുദായിക മൗദൂദിസ്റ്റുകളും ഇവന്റ് മാനേജ്‌മെന്റ് ടീമില്‍ ഉണ്ട്. രണ്ടാം വിമോചന സമരം സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ നടക്കില്ലെന്നും എഎന്‍ ഷംസീര്‍ വിമര്‍ശിച്ചു. കിഫ്ബിയെ പരിഹസിച്ചവരെല്ലാം വീട്ടിലിരിക്കുകയാണെന്നും ഷംസീര്‍ പരിഹസിച്ചു. വികസനം തടസപ്പെടുത്താന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ മുന്നോട്ട് പോകും. ഏത് ജാതി മത സാമുദായിക ശക്തികളും ഇവന്റ് മോനേജ്‌മെന്റും ശ്രമിച്ചാലും തങ്ങള്‍ മുന്നോട്ട് പോകുമെന്നും ഷംസീര്‍ സഭയില്‍ വെല്ലുവിളിച്ചു. കെറെയില്‍ പരിസ്ഥിതിക്ക് യാതൊരു ആഘാതവും ഉണ്ടാക്കില്ല. 10349 കെട്ടിടങ്ങള്‍, അതില്‍ തന്നെ 393 ഓട് മേഞ്ഞ വീട്, 470 ബഹുനില കെട്ടിടം, അതില്‍ ആള്‍ താമസമുള്ള 2500 കെട്ടിടങ്ങള്‍ എന്നിവയാണ് നഷ്ടപ്പെടുക. എന്നാല്‍ ഇതിനെല്ലാം സര്‍ക്കാര്‍ മൂല്യം നിശ്ചയിച്ചിട്ടുണ്ട്.

ഗ്രാമങ്ങളില്‍ നാലും പട്ടണങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരം. ആരും ആശങ്കപെടേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ ഉണ്ടാക്കുന്ന സാമൂഹികാഘാതം പൊലീസ് അതിക്രമത്തില്‍ പൊഴിയുന്ന കുട്ടികളുടെ കണ്ണുനീരിലുണ്ടെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. കെ റെയില്‍ സാമ്പത്തിക പരിസ്ഥിതി തകര്‍ക്കുന്നതാണ്, ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ മനുഷ്യത്വമില്ലാതെ, ജനാധിപത്യ വിരുദ്ധമായി നേരിടുന്നു. പൊലീസ് വ്യാപകമായി അതിക്രമം നടത്തുകയാണ്. രോഗികള്‍ എന്നോ കുട്ടികളെന്നോ സ്ത്രീകള്‍ എന്നോ പരിഗണിക്കാതെയാണ് പൊലീസ് പെരുമാറുന്നത്. കേരളത്തിലെ പൊലീസ് സില്‍വര്‍ ലൈനിന് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ആറാടുകയാണ്, അഴിഞ്ഞാടുകയാണ് എന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.