പ്രായം കുറച്ചു പറയാൻ ആനാവൂരിന്റെ ഉപദേശം, ആനാവൂരിനെ വെട്ടിലാക്കി അഭിജിത്തിന്റെ ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കുരുക്കിലാക്കി എസ്എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം പുറത്ത്. മോശമായി സഹപ്രവർത്തകയോട് ഫോണിൽ സംസാരിച്ചതിന്റെ പേരിൽ സിപിഎം നടപടി എടുത്ത നേതാവ് ജെജെ അഭിജിത്തിന്റെ ഫോൺ സംഭാക്ഷണം ആണ് പുറത്ത് വന്നിരിക്കുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ തുടരാൻ യഥാർത്ഥ പ്രായം മറച്ചു വെക്കാൻ ആനാവൂർ നാഗപ്പൻ ഉപദേശിച്ചെന്നതാണ് തിരുവനന്തപുരത്തെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന ജെജെ അഭിജിത്തിന്റെ ഫോൺ സംഭാക്ഷണത്തിൽ ഉള്ളത്.

‘എസ്എഫ്‌ഐ നേതൃത്വത്തിൽ തുടരാൻ യഥാർത്ഥ പ്രായം ഒളിച്ചു വച്ചുവെന്നാണ് അഭിജിത്ത് പറയുന്നത്. പ്രായം കുറച്ച് പറഞ്ഞാണ് ജില്ലാ സെക്രട്ടറിയായത്. 26 വയസ്സ് വരെയേ എസ്എഫ്‌ഐയിൽ നിൽക്കാൻ ആവൂ. ആര് ചോദിച്ചാലും 26 വയസ്സാണെന്ന് പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രായം കുറച്ചു പറഞ്ഞതു കൊണ്ടാണ് സംഘടനയിൽ നിൽക്കാൻ പറ്റുന്നത്. എനിക്ക് ഇപ്പോൾ 30 വയസ്സായി. 1992ലാണ് ഞാൻ ജനിച്ചത്. പല പ്രായം കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ എനിക്കുണ്ട്’ – ജെജെ അഭിജിത്ത് പറഞ്ഞിരിക്കുന്നു.

സംഘടനയിൽ വെട്ടിക്കളിക്കാൻ പഴയപോലെ ആളില്ലാത്തതിന്റെ ദുഃഖം അഭിജിത്തിന്റെ സംസാരത്തിൽ ഉണ്ട്. പഴയ പോലെ സംഘടനയിൽ വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ തനിക്ക് ദു:ഖമുണ്ടെന്നും അഭിജിത്ത് പറയുന്നു. വെല്ലുവിളിക്കാനും വെട്ടിക്കളിക്കാനും ആരും ഇല്ലാത്തതിനാൽ മനസ് മടുത്തുവെന്നാണ് ശബ്ദരേഖയിൽ ഉള്ളത്. എന്നാൽ പ്രായം കുറച്ചു പറയാന് താൻ ആരേയും ഉപദേശിച്ചിട്ടില്ലെന്നാണ് ആനാവൂർ പറഞ്ഞിരിക്കുന്നത്. അഭിജിത്ത് ശബ്ദരേഖയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ആനാവൂർ തള്ളിയിരിക്കുകയാണ്.