24 മണിക്കൂറിനിടെ 201 രോഗികൾ മാത്രം; രാജ്യം ഇപ്പോഴും സുരക്ഷിതമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി. 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 201 കോറോണ കേസുകള്‍ മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആകെ സജീവ രോഗികള്‍ 3397 ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആകെ കേസുകളുടെ എണ്ണം 0.01 ശതമാനമാണെന്നാണ് കണക്ക്. നിലവിലെ രോഗ മുക്തി 98.8 ശതമാനമാണെന്നും കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 183 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരായവരുടെ എണ്ണം നാല് കോടിക്ക് മുകളിലാണ്.

രാജ്യത്തെ പ്രതിദിന രോഗബാധാ നിരക്ക് 0.15 ശതമാനമാണ്. പ്രതിവാര രോഗബാധ നിരക്ക് 0.14 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനിടെ 105044 ഡോസ് കോവിഡ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. രാജ്യത്ത് ഇതുവരെ 220.04 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തു കഴിഞ്ഞതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അതേസമയം ചൈനയില്‍ അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ കൊറോണ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്തും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്ന കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്. സുരക്ഷിതമായ അവസ്ഥയില്‍ നിന്നും, അശ്രദ്ധയിലൂടെ ദുരന്തം വരുത്തി വെക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.