അജ്ഞാത രോഗം പടരുന്നു; മൂന്നംഗ കേന്ദ്രസംഘം ഇന്ന് ആന്ധ്രയിലെത്തും

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം പടരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കേന്ദ്രസംഘം ഇന്ന് ആന്ധ്രയിലെത്തും. എയിംസ് അസോസിയേറ്റ് പ്രോഫസര്‍(എമര്‍ജന്‍സി മെഡിസിന്‍), ഡോ ജംഷേദ് നായര്‍, പൂനെ എന്‍ഐവിയിലെ വൈറോളജിസ്റ്റ് ഡോ അവിനാശ് ദേശോഹ്തവര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ സങ്കേത് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കായി ആന്ധ്രയിലെത്തുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിലാണ് അജ്ഞാത രോഗം പടരുന്നത്. രോഗം ബാധിച്ച 347 പേരെയാണ് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗം ബാധിച്ച ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഓക്കാനം, അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് മരിച്ചത്. ഇരുന്നൂറോളം ആളുകളെ ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ടെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി സ്ഥിതിഗതികള്‍ വിലയിരുത്തി.

എലുരുവില്‍ കഴിഞ്ഞ ദിവസമാണ് ആളുകള്‍ക്ക് കൂട്ടത്തോടെ അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. അപസ്മാരവും ഓക്കാനവുമാണ് ദുരൂഹ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഫിറ്റ്‌സ് വന്ന് ആളുകള്‍ പെട്ടന്ന് ബോധരഹിതരായി വീഴുകയായിരുന്നു. അസുഖം വന്നവരില്‍ ഭൂരിഭാഗവും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്. പന്ത്രണ്ട് വയസ്സിനു താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധിതര്‍ക്ക് രക്തപരിശോധനയും സിടി സ്‌കാനും നടത്തിയെങ്കിലും അസുഖമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അസുഖം ബാധിച്ച പലരും വേഗത്തില്‍ സുഖം പ്രാപിച്ചു. സുഖപ്പെടാതിരുന്ന ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. എല്ലാ രോഗികളുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.

സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ലൂയിഡ് ടെസ്റ്റുകളിലും ഒന്നും കണ്ടെത്താനായില്ല. മരിച്ചയാളുടെ പരിശോധന ഫലങ്ങള്‍ വന്നതിനുശേഷം മാത്രമേ കാരണം വ്യക്തമാകൂവെന്നും അതിനുശേഷം രോഗ വിവരം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നും ജില്ലാ ജോയിന്റ് കലക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷ്യന്‍, ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി എന്നിവയിലെ ശാസ്ത്രജ്ഞര്‍ ഇന്നലെ എലുരുവില്‍ എത്തിയിരുന്നു.

രോഗബാധിതരെ ചികിത്സിക്കുന്നതിനായി പ്രത്യേക ഡോക്ടര്‍മാരുടെ സംഘം എലൂരുലെത്തിയിട്ടുണ്ട്. രോഗികളെ തിരിച്ചറിയുന്നതിനായി വീടുതോറുമുള്ള സര്‍വേ നടത്തി. സംസ്ഥാന ആരോഗ്യ കമ്മിഷണര്‍ കറ്റമനേനി ഭാസ്‌കറും സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തിങ്കളാഴ്ച ഏലൂരു സന്ദര്‍ശിക്കും. തുടക്കത്തില്‍ ജല മലിനീകരണമാണ് കാരണമായെന്ന് സംശയിച്ചിരുന്നു. എന്നാല്‍ ജല മലിനീകരണമല്ല ദുരൂഹ രോഗത്തിന് കാരണമെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഉപമുഖ്യമന്ത്രി കെകെ ശ്രീനിവാസ് പറഞ്ഞു. കൊതുകിനെ തുരത്താന്‍ ഉപയോഗിക്കുന്ന പുകയാണോ കൂട്ടത്തോടെ രോഗത്തിന് കാരണമായതെന്നും പരിശോധിക്കുന്നുണ്ട്.