രാവിലെ കുളിച്ച്‌ അമ്പലത്തിൽ പോയി, രക്തം ഛർദ്ദിച്ചു; അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വഭാവികത

പ്രശസ്ത കവിയും ,ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.എന്നാൽ കാര്യമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.കായംകുളം പൊലീസ് ഉടൻ തിരുവനന്തപുരത്തേക്ക് പുറപ്പെടും.

ഇന്നലെ രാത്രിയാണ് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചത്.ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ അനിൽ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മാവേലിക്കര വി എസ് എം ആശുപത്രിയിലും തുടർന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിച്ചു നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിൽ വൈകിട്ടോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്‌കാര സമയം തീരുമാനിക്കും.

നോക്കുവിൻ സഖാക്കളേ…നമ്മൾ വന്ന വീഥിയിൽആയിരങ്ങൾ ചോര കൊണ്ടെഴുതിവെച്ചവാക്കുകൾ..”എന്ന് ഇടതുപക്ഷ അണികളെ വികാരം കൊള്ളിച്ച വരികൾ ആലപിച്ച അനിൽ പനച്ചൂരാൻ, പിന്നീടൊരു പ്രായശ്ചിത്തം പോലെ “ഇടതിന്റെ ഫാസിസപ്പുരകത്തി വെണ്ണീറിലിവിടെ തളിർക്കും ജനാധിപത്യം”എന്ന കാണാപ്പുറം നകുലന്റെ വരികൾ ആലപിച്ചു ഇടതുപക്ഷത്തിന്റെ അക്രമ രാഷ്ട്രീയം ചർച്ചയാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

സംഘപരിവാർ വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു അനിൽ പനച്ചൂരാൻ. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളിൽ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തിൽ പിറന്ന അദ്ദേഹത്തിന്റെ വഴിയും കമ്മ്യൂണിസം തന്നെയായിരുന്നു. പിന്നീട് ഇടക്കാലം കൊണ്ട് സന്യാസത്തിന്റെ വഴിയിലേക്കു തിരിഞ്ഞ അനിൽ പിന്നീട് പലവഴികൾ പയറ്റിയ ശേഷമാണ് സിനിമാ ഗാനരചയിതാവ് എന്ന നിലയിൽ ശ്രദ്ധേയനായത്. വലയിൽ വീണ കിളികളാണ് നാം എന്ന കവിത ഓണാട്ടുകരയെ പ്രകമ്പനം കൊള്ളിച്ചു.

ഓണത്തിന്റെ വേദികളിലും മറ്റും യുവ ജനതയെ ത്രസിപ്പിച്ച കവിതയായിരുന്നു അത്. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം.കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ.പ്രവർത്തകനായാണ് പാർട്ടിയുമായി അടുക്കുന്നത്. എന്നാൽ പിന്നീട് അദ്ദേഹം ശ്രീപെരുമ്പത്തൂരെ സ്വാമിയുടെ അനുയായി ആയി. സന്യാസത്തിൽ ആകൃഷ്ടനായ അദ്ദേഹം ഹരിദ്വാറിൽ ചെന്ന് സന്ന്യാസവും സ്വീകരിച്ചു. വിഷ വൈദ്യനെന്ന നിലയിലായിരുന്നു അദ്ദേഹം അക്കാലത്ത് നാട്ടിൽ അറിയപ്പെട്ടത്. കാഷായമിട്ട വിപ്ലവകാരിയെ അംഗീകരിക്കാൻ മനസ്സിലാത്ത കമ്മ്യൂണിസ്റ്റുകൾ അദ്ദേഹവുമായി അകന്നു. ആർഎസ്എസുകാർ മിത്രങ്ങളുമായി.

പിന്നീട് സന്യാസം വലിച്ചെറിഞ്ഞ് തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നു. അങ്ങനെ വക്കീലുമായി. ഇതൊക്കെ സംഭവിച്ചത് തീർക്കും അപ്രതീക്ഷിതമായിട്ടായിരുന്നു. ലോ അക്കാദമിയിൽ സായാഹ്ന ബാച്ചിൽ ചേർന്ന കാലത്താണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മായ എത്തിയത്. കാസെറ്റുകളിലേക്ക് തിരിഞ്ഞതോടെയാണ് അനിൽ പനച്ചൂരാന്റെ കവിത ലോകം മുഴുവൻ അറിഞ്ഞു തുടങ്ങിയത്. ‘വിൽക്കുവാൻ വച്ചിരിക്കുന്ന പക്ഷികൾ’ എന്ന തന്റെ ആദ്യ കവിത ചൊല്ലി കലാലയങ്ങളിലും തെരുവുകളിലും കള്ളുഷാപ്പുകളിലും ചായപ്പീടികകളിലും അദ്ദേഹം നിറഞ്ഞു.

ഒപ്പം കാസറ്റും കവിതയും വിൽക്കുകയുംചെയ്തു.കുട്ടനാട്ടിലെ യാത്രക്കിടെ ‘വലയിൽ വീണ കിളികളാണ് നാം’ എന്ന കവിത കേട്ട് അതെഴുതിയത് ആരെന്ന് അന്വേഷിച്ചപ്പോൾ സിന്ധുരാജ് പനച്ചൂരാനെ പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് എന്റെ അറബിക്കഥയിൽ അദ്ദേഹം പാട്ടെഴുതി. ചോര വീണ മണ്ണി നിന്ന് എന്ന ഗാനം എഴുതി, പാടി, അഭിനയിച്ചു.ഇതിലെ പാട്ടുകളെല്ലാംതന്നെ അനിലിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. തന്റെ പൂർവികനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച്‌ വിശാലമായൊരു കാൻവാസിൽ നല്ലൊരു സിനിമ അനിലിന്റെ സ്വപ്നമായിരുന്നു. അതിനായി ഒട്ടേറെ രേഖകൾ സമാഹരിക്കുകയും ചെയ്തിരുന്നു. ഈ സ്വപ്‌നം ബാക്കിയാാക്കിയാണ് അനിൽ വിട പറഞ്ഞിരിക്കുന്നത്.