ഊഞ്ഞാല്‍ കെട്ടി കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞ് വീണു; എട്ടു വയസുകാരന്‍ മരിച്ചു

ഊഞ്ഞാല്‍ കെട്ടി കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞ് വീണ് എട്ടു വയസുകാരന്‍ മരിച്ചു. പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് ആണ് മരിച്ചത്. വീടിനു സമീപത്തുള്ള പഴയ കെട്ടിടത്തിന്റെ തൂണില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കുകയായിരുന്നു ഫയാസും സുഹൃത്ത് ഹാഷിമും. പഴക്കം ചെന്ന തൂണ്‍ പെട്ടന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

തൂണ്‍ തലയ്ക്കു മുകളിലേക്ക് വീണ് ഫയാസിന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹാഷിമിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ആദ്യം തിരൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരെയും പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആരോഗ്യ നില വഷളായതോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ഫയാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പറവണ്ണ ജിഎം യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫയാസ്.