പണം തന്നില്ലെങ്കിലും കുഴപ്പമില്ല, നെറികേട് ചോദ്യം ചെയ്യും, പരമ്പരയില്‍ നിന്നും പുറത്താക്കിയതിനെ കുറിച്ച് അഞ്ജലി

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി. സുന്ദരി എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ വളരെ പെട്ടെന്നാണ് നടി പരമ്പരയില്‍ നിന്നും പുറത്തായത്. നാല് മസത്തോളം അഞ്ജലി സീരിയലിന്റെ ഭാഗമായിരുന്നു. പരമ്പരയുടെ തന്നെ സഹ സംവിധായകനായിരുന്ന ശരത്തിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു.

വിവാഹത്തിനായി അഞ്ജലി രണ്ട് ആഴ്ച സീരിയലില്‍ നിന്നും ലീവെടുത്തിരുന്നു. എന്നാല്‍ പിന്നീട് നടിയെ സീരിയലില്‍ നിന്നും പുറത്താക്കി. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് തന്നെ പുറത്താക്കിയതെന്ന് പറയുകയാണ് അഞ്ജലി. ദിവസങ്ങള്‍ക്ക് മുമ്പാണ് തന്നെ സീരിയലില്‍ നിന്നും യാതൊരു മുന്നറിയിപ്പും നല്‍കാതെ പുറത്താക്കിയ വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നാല് മാസം സീരിയലില്‍ പ്രവര്‍ത്തിച്ചതിന്റെ പണം പോലും അണിയറ പ്രവര്‍ത്തകര്‍ തന്നില്ലെന്നും അഞ്ജലി വീഡിയോയിലൂടെ വ്യക്തിമാക്കിയിരുന്നു.

ഇപ്പോള്‍ അഞ്ജലിയും ഭര്‍ത്താവ് ശരത്തും സംഭവത്തെ കുറിച്ച് നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലില്‍ എത്തി സംസാരിച്ചിരിക്കുകയാണ്. ‘തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി മൂന്ന് ലക്ഷത്തിലധികം പണം സുന്ദരി അണിയറപ്രവര്‍ത്തകര്‍ തരാനുണ്ട് എന്ന് അഞ്ജലിയും ശരത്തും പറയുന്നു. സീരിയലില്‍ നിന്ന് എന്നെ പുറത്താക്കിയതില്‍ എനിക്ക് പ്രശ്നമില്ല. കാരണം പറയാതെ പുറത്താക്കിയതും നാല് മാസം ഞാന്‍ കഷ്ടപ്പെട്ട് ജോലി ചെയ്തതിന്റെ കൂലി തരാത്തതുമാണ് എന്റെ പ്രശ്നം. നിര്‍മാതാവ് മാറിയത് കാരണം ആരോട് പോയി ചോദിക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍. പുതിയ ഒരു നിര്‍മാതാവ് വരുമ്പോള്‍ പഴയ സെറ്റില്‍മെന്റ് എല്ലാം ക്ലിയര്‍ ചെയ്യണം. അങ്ങനെ ക്ലിയര്‍ ചെയ്യേണ്ട ലിസ്റ്റില്‍ പോലും ഞങ്ങളുടെ പേരില്ല. സീരിയലില്‍ ഒരു തുടക്കകാരിയായത് കൊണ്ടാണ് എന്നെ ഇത്തരത്തില്‍ ട്രീറ്റ് ചെയ്തത് എന്നാണ് ഞാന്‍ കരുതുന്നത്’ അഞ്ജലി പറഞ്ഞു.

ഭര്‍ത്താവ് ശരത്ത് വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ ഉള്ള ആളാണ്. സഹ സംവിധാനത്തില്‍ തുടങ്ങി അസോസിയേറ്റ് ആയി. ഒരാഴ്ചയ്ക്കകം ഈ കാര്യത്തില്‍ തീരുമാനം ആയില്ല എങ്കില്‍ നിയമപരമായി നേരിടും എന്നാണ് അഭിഭാഷകന്‍ കൂടെയായ ശരത്ത് പറയുന്നത്. ‘എന്തിനും പെട്ടന്ന് പ്രതികരിക്കുന്നവന്‍ എന്നൊരു ചീത്തപ്പേര് എനിക്ക് ഇന്റസ്ട്രിയിലുണ്ട്. പക്ഷെ ഇത്തരം ഒരു നെറികേട് അതും സ്വന്തം ഭാര്യയോട് ചെയ്യുമ്‌ബോള്‍ മിണ്ടാതെ വായ് മൂടി ഇരിക്കാന്‍ എനിക്ക് സാധിക്കില്ല. ഇതിന് പിന്നില്‍ പ്രവൃത്തിച്ചവര്‍ ആരാണ് എന്ന് കൃത്യമായി ഞങ്ങള്‍ക്ക് അറിയാം. അതിന്റെ തെളിവുകളും കൈയ്യിലുണ്ട്. ഇപ്പോള്‍ ഈ അഭിമുഖത്തില്‍ അത് പറയാം എന്നാണ് കരുതിയത്. പക്ഷെ അത് വേണ്ട സെറ്റില്‍മെന്റ് ചെയ്യാം എന്ന് അവര്‍ പറഞ്ഞത് കാരണം തല്‍ക്കാലം പറയുന്നില്ല. ഇതുവരെ അതിന്റെ നീക്ക് പോക്ക് ഒന്നും ആയിട്ടില്ല. ഒരാഴ്ച കൂടെ ഞാന്‍ കാക്കും. ഇല്ലെങ്കില്‍ പ്രസ് മീറ്റ് നടത്തും. ഇതിന്റെ പേരില്‍ എന്നെ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താക്കിയാലും എനിക്ക് പ്രശ്നമില്ല. ഞാന്‍ എല്‍എല്‍ബി കഴിഞ്ഞതാണ്. ആ പണിക്ക് പോകും. അല്ലെങ്കില്‍ കൂലിപ്പണിക്ക് പോകും. എന്തായാലും മിണ്ടാതിരിക്കാന്‍ കഴിയില്ല.’

‘എനിക്കും ഭാര്യയ്ക്കും കൂടെ മൂന്ന് ലക്ഷം രൂപ കിട്ടാനുണ്ട്. ആ തുക കിട്ടിയില്ലെങ്കിലും സാരമില്ല. ഇതുപോലൊരു നെറികേട് ഇനി നടക്കാന്‍ പാടില്ല. എല്ലാവരും അറിയണം. നിര്‍മാണം എന്താണെന്ന് പോലും അറിയാത്തവന്മാരാണ് ഇപ്പോള്‍ ഇറങ്ങിയിരിയ്ക്കുന്നത്. ഒരുപാട് നല്ല നിര്‍മാതാക്കളുണ്ട്. പക്ഷെ ചിലര്‍ വെറും എച്ചിത്തരം ആണ്. സുന്ദരി സീരിയലില്‍ തന്നെ പ്രതിഫലം കൊടുക്കാതെ പണിയെടുക്കുന്ന പല ആര്‍ട്ടിസ്റ്റുകളും ഉണ്ട്. അവരൊക്കെ ആത്മഹത്യയുടെ വക്കിലാണ്. നിര്‍മാതാക്കളോട് ചോദിച്ചാല്‍ പറയും ചാനല്‍ തരണം എന്ന്. ചാനലുകാരോട് ചോദിച്ചാല്‍ പറയും നിര്‍മാതാവിനോട് ചോദിക്ക് എന്ന്. ഇതിനൊരു അവസാനം വേണ്ടേ. അതുകൊണ്ട് പ്രതികരിക്കും’ ശരത്തും അഞ്ജലിയും പറയുന്നു.