നിർഭയയും സൗമ്യയും നോവുന്നൊരോർമ്മയാണെങ്കിൽ കായംകുളത്തെ പെൺകുട്ടി നടുക്കമുണർത്തുന്ന വാർത്തയാണ്-അഞ്ജു പാർവതി

ആംബുലൻസ് ഡ്രൈവർ കോവിഡ് ​രോ​ഗിയെ പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് മലയാളികൾ ഏറ്റെടുത്തത്.ഡൽഹിയിലെ നിർഭയയും കേരളത്തിലെ സൗമ്യയും നോവുന്നൊരോർമ്മയാണെങ്കിൽ കായംകുളത്തെ പെൺകുട്ടി നടുക്കമുണർത്തുന്ന വാർത്തയാണ്.ഓടുന്ന വൈറ്റ്ലൈൻ ബസിൽ പിച്ചിചീന്തിയെറിയപ്പെട്ട നിർഭയയേക്കാൾ,പായുന്ന തീവണ്ടിയ്ക്കുളളിൽ പേടിച്ചലറിയ സൗമ്യയേക്കാൾ വലിയ പൈശാചികതയാണ് കായംകുളത്തെ പെൺകുട്ടി നേരിട്ടതെന്ന് തുറന്നുപറയുകയാണ് മാധ്യമപ്രവർത്തക അഞ്ജു പാർവതി

കുറിപ്പിങ്ങനെ

പ്രബുദ്ധകേരളം ഇങ്ങനൊക്കെയാണ്. 108 ആംബുലൻസുകളിലെ സാരഥികൾ ദൈവത്തിന്റെ പ്രതിനിധികളായി പലപ്പോഴും വാർത്തകളിലിടം പിടിച്ചിട്ടുള്ളത് ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്ത നൂൽപ്പാലങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന മനുഷ്യരെ മിന്നൽവേഗത്തിൽ പാഞ്ഞ് മരണത്തിനുവിട്ടുകൊടുക്കില്ലെന്ന വാശിയോടെ ചേർത്തുപ്പിടിച്ച് ജീവിതത്തിന്റെ നിറം വീണ്ടും കാട്ടിക്കൊടുക്കുന്നതിനാലാണ്. അത്തരം ദൈവങ്ങൾക്കിടയിലും ചെകുത്താന്മാരുണ്ടെന്ന് നൗഫൽ അടിവരയിടുന്നു. ഇത്തരം മഹത്വമുള്ള സേവനമേഖലയിലും വധശ്രമക്കേസിലെ പ്രതികൾക്കും ക്രിമിനലുകൾക്കും ആബുലൻസ് ഡ്രൈവർമാരായി സേവനം അനുഷ്ഠിക്കാമെന്നും സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളം അടയാളപ്പെടുത്തുന്നു.

ഇന്നുവരെ കേട്ടറിഞ്ഞതിൽ വച്ച് ഏറ്റവും പൈശാചികമായ പ്രവൃത്തിയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്നലെ രാത്രി നടന്നത്. ഡൽഹിയിലെ നിർഭയയും കേരളത്തിലെ സൗമ്യയും നോവുന്നൊരോർമ്മയാണെങ്കിൽ കായംകുളത്തെ പെൺകുട്ടി നടുക്കമുണർത്തുന്ന വാർത്തയാണ്. ഓടുന്ന വൈറ്റ്ലൈൻ ബസിൽ പിച്ചിചീന്തിയെറിയപ്പെട്ട നിർഭയയേക്കാൾ,പായുന്ന തീവണ്ടിയ്ക്കുളളിൽ പേടിച്ചലറിയ സൗമ്യയേക്കാൾ വലിയ പൈശാചികതയാണ് കായംകുളത്തെ പെൺകുട്ടി നേരിട്ടത്. കാരണം നിർഭയയും സാമ്യയും അനാരോഗ്യപ്രശ്നങ്ങളുമായി വണ്ടിയ്ക്കുള്ളിൽ കയറിയവരല്ല. രോഗത്താൽ തീർത്തും തളർന്ന ശരീരവുമായി ആബുലൻസിൽ കയറിയ പെൺകുട്ടി , രക്ഷകനായി കരുതിയ ഒരുവനിൽ നിന്നും നേരിട്ട കൊടിയ പീഡനത്തോളം പൈശാചികമായ മറ്റൊന്നില്ല തന്നെ.എന്നാലും ഇതൊരു ഞെട്ടിക്കുന്ന വാർത്തയേ ആകില്ല നമുക്ക്. സാംസ്കാരികനായകർക്ക് ഞെട്ടൽ വരണമെങ്കിൽ മിനിമം വാളയാർ അതിർത്തിയോ അമരവിള ചെക്ക്പോസ്റ്റോ താണ്ടണം. റിക്ടർ സ്ക്കെയിലിലെ അതിതീവ്രഞെട്ടൽ വരണമെങ്കിൽ ഉത്തരേന്ത്യൻ അതിർത്തിയെത്തണം.

നാളെ ഇവനുവേണ്ടി വാദിക്കാനും ഈ നാട്ടിൽ ആളൂർമാരുണ്ടാവും. നിരത്തിൽ ഇറങ്ങാൻ മനുഷ്യാവകാശപ്രവർത്തകരും ഉണ്ടാകും . ജീവനും വാരിയെടുത്തോടുന്ന ജീവൻരക്ഷാവാഹനങ്ങൾക്കുള്ളിലും പെണ്ണുടലുകൾക്ക് സുരക്ഷയില്ലാത്ത ഇവിടെയാണത്രേ നമ്മൾ വനിതാമതിൽ പണിഞ്ഞത്. ജീവന്റെ കാവൽക്കാരനാവേണ്ടവൻ പോലും പെൺമേനി കൊത്താൻ കഴുകനായി പറക്കുന്ന ഈ നാടിനെയാണ് നമ്മൾ ഗോഡ്സ് ഓൺ കൺട്രിയെന്നു വിളിക്കുന്നത്.