എത്ര കോപ്രായങ്ങൾ കാണിച്ചാലും നാളെയും തന്റെ പടം കണ്ട് കയ്യടിക്കാൻ ആളുണ്ടെന്ന് ഷൈനിനറിയാം

മലയാള സിനിമ താരം ഷൈൻ ടോം ചാക്കോ എന്നും വിവാദങ്ങളിൽ അകപ്പെടുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും വലിയ ചർച്ചയായിരുന്നു. പല താരങ്ങളും ഷൈനിനെതിരെ രം​ഗത്തെത്തുകയും ചെയ്തു. മഹാനടൻ തിലകനെ ഊരുവിലക്കാൻ കാണിച്ച ആവേശത്തിൻ്റെ ലക്ഷത്തിലൊരംശം ഈ ഷൈൻ ടൈപ്പ് ന്യൂ ജെൻ നായകന്മാരുടെ കാര്യത്തിൽ സിനിമാസംഘടനകൾ കാണിച്ചിരുന്നുവെങ്കിൽ മലയാളസിനിമയും നന്നായേനേയെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ

മഹാനടൻ തിലകനെ ഊരുവിലക്കാൻ കാണിച്ച ആവേശത്തിൻ്റെ ലക്ഷത്തിലൊരംശം ഈ ഷൈൻ ടൈപ്പ് ന്യൂ ജെൻ നായകന്മാരുടെ കാര്യത്തിൽ സിനിമാസംഘടനകൾ കാണിച്ചിരുന്നുവെങ്കിൽ മലയാളസിനിമയും നന്നായേനേ; ഈ നടന്മാരും നന്നായേനേ! രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഒരു ദിവസം തന്നെ നാലും അഞ്ചും സിനിമകളുടെ ഭാഗമായിരുന്ന മഹാനടന്മാരായിരുന്നു യശഃശരീരരായ സത്യൻ മാഷും നസീർ സാറും നമ്മുടെ മധു സാറും ഒക്കെ. എന്നാൽ അവരെ ആരെയും അഹം എന്ന ഭാവം ബാധിച്ചിരുന്നില്ല. സിനിമയെ അന്നമായി കണ്ട അവർ ആ കലാരൂപത്തെ ആരാധിച്ചു; ബഹുമാനിച്ചു. അവർ വെട്ടിവച്ച വഴിയിലൂടെ പിന്നീട് വന്ന ശ്രീ. ജയൻ, ശ്രീ. സുകുമാരൻ, ശ്രീ. സോമൻ , മമ്മൂക്ക ,ലാലേട്ടൻ , സുരേഷേട്ടൻ, ജയറാമേട്ടൻ എന്നിവരും അതേ മാന്യത പുലർത്തി.

എന്നാൽ രണ്ടായിരത്തിനു ശേഷം മലയാളത്തിൽ കിളിർത്ത പലർക്കും തങ്ങളാണ് മലയാളസിനിമയെ താങ്ങി നിറുത്തുന്ന പില്ലറുകൾ എന്ന രീതിയിലൊരു ധാരണ വന്നു തുടങ്ങി. തിരുവനന്തപുരം വിട്ട് കൊച്ചിയിലേയ്ക്ക് കൂടു മാറിയ മലയാളസിനിമ ലഹരിയുടെ പിടിയിലായി. തീർത്തും നിഷ്കളങ്കമെന്നു തോന്നുന്ന രീതിയിൽ ഒട്ടും തന്നെ നിഷ്കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ തുടക്കം മലയാളസിനിമയിൽ തുടങ്ങി. അതിനു നിമിത്തമായ ഒരു സിനിമയാണ് മഹേഷിന്റെ പ്രതികാരം. അത്രയും മനോഹരമായ, പച്ച മനുഷ്യരുടെ കഥ പറഞ്ഞ ചിത്രത്തിൽ അനാവശ്യമായി തോന്നിയ ഒരേ ഒരു ഡയലോഗ് സൗബീന്റെ കഥാപാത്രമായ ക്രിസ്പിൻ പറയുന്ന ഒന്നാണ് – “ഞാൻ ലാലേട്ടന്റെ ഫാനാ ! കാരണം , മമ്മുക്ക എല്ലാ ടൈപ്പ് വേഷവും ചെയ്യും. പോലീസ്,രാജാവ്,പൊട്ടൻ എല്ലാം .പക്ഷേ, ലാലേട്ടൻ നായർ, മേനോൻ, പ്രമാണി ഇത് വിട്ടൊരു കളിയില്ല’. നിർദോഷമെന്ന തോന്നലുളവാക്കുന്ന ഡയലോഗിനുള്ളിൽ കൃത്യമായൊരു അജണ്ട വച്ച റൈറ്റിംഗ്. അതിൻ്റെ ഫലമായി ഫാൻ ഫൈറ്റിനപ്പുറം വ്യക്തമായ രാഷ്ട്രീയ-മത ചേരിതിരിവുണ്ടായി മലയാളസിനിമയിൽ. എന്തിനധികം ഒരിക്കൽ ദേശീയ അവാർഡ് കൈപ്പറ്റുന്നതിൽ നിന്നു വരെ മാറി നില്ക്കാൻ സിനിമയ്ക്കുള്ളിലെ പൊളിറ്റിക്കൽ കറക്ട്നെസ്സുകാർക്ക് സാധ്യമാവും വിധം പൊളിറ്റിക്കൽ റിഫ്റ്റ് കലാരംഗത്ത് ഉണ്ടായി.

അതവിടെ നില്ക്കട്ടെ! ഷൈൻ ടോമിൻ്റെ കാര്യത്തിലേയ്ക്ക് വരാം. അത്യാവശ്യം നന്നായി അഭിനയം വഴങ്ങുന്ന നടനാണ് ഷൈൻ. സപ്പോർട്ടിംഗ് ക്യാരക്ടറുകൾ നന്നായിട്ട് ചെയ്യാൻ അയാൾക്ക് കഴിയുന്നുണ്ട്. എന്നാൽ കരിയറിൻ്റെ തുടക്ക കാലത്ത് തന്നെ ലഹരി ഉപയോഗിച്ചതിൻ്റെ പേരിൽ അയാൾക്കെതിരെ കേസും അറസ്റ്റും ഉണ്ടായി. എന്നിട്ടും അയാൾക്ക് കൈ നിറയെ വേഷവും റോളും കൊടുക്കാൻ ഇവിടെ ആളുണ്ടായി. അയാളുടെ അഭിനയം ഇഷ്ടപ്പെടുന്ന പ്രേക്ഷകരും ഉണ്ടായി. പിഴവ് ഉള്ള ആളെന്നറിഞ്ഞിട്ടും സിനിമയും പ്രേക്ഷകരും അയാളെ കൈവിട്ടില്ല; ചേർത്തുനിറുത്തി. അങ്ങനെയുള്ള ഒരാൾക്ക് സിനിമയോട് മറ്റാർക്ക് തോന്നുന്നതിനേക്കാൾ കൂറും ബഹുമാനവും തോന്നേണ്ടതല്ലേ? അല്ല വേണ്ടേ?

അടുത്ത കാലത്ത് ഇറങ്ങിയ പല സിനിമകളിലും ( കുമാരി ) ഷൈനിൻ്റെ ക്യാരക്ടർ പറയുന്നത് എന്താണെന്ന് പോലും മനസ്സിലാവുന്നതേയില്ല. എന്തൊക്കെ സാങ്കേതികത പറഞ്ഞാലും പണം കൊടുത്ത് സിനിമ കാണുന്നവർക്ക് അതിലെ ഒരു കഥാപാത്രം പറയുന്നത് മനസ്സിലായില്ലെങ്കിൽ പിന്നെന്താണ് സിനിമ കാണുന്നത് കൊണ്ടുള്ള ഗുണം? ഏത് ഇൻറർവ്യൂവിന് വന്നാലും അയാൾ കാണിക്കുന്ന കോമാളിത്തരവും ഒരു തരം മര്യാദക്കേടുമൊക്കെ പ്രേക്ഷകരോടുള്ള അയാളുടെ കളിയാക്കലാണ്. എത് പൊതുപരിപാടിയിൽ വന്നാലും സദസ്സിനെ നോക്കി ഒരു മോക്കിംഗ് ഉണ്ട്. പത്രസമ്മേളനങ്ങളിൽ ഒക്കെ വയലൻ്റ് ആറ്റിറ്റ്യൂഡ്. ഇപ്പോഴിതാ വിമാനത്തിനുള്ളിലും കോപ്രായം. 335 യാത്രക്കാരെയും കൊണ്ട് 1.45 ന് ദുബായിൽ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെടേണ്ട വിമാനം അയാളുടെ കോപ്രായം കൊണ്ട് മാത്രം വൈകിയത് മുന്ന് മണിക്കൂറാണത്രേ. അയാളുടെ മഹാ നടനം കാരണം എത്ര പേരാണ് ബുദ്ധിമുട്ടിലായത്? മലയാളസിനിമയുടെ പേരാണ് നാശമായത്. പക്ഷേ ഇതിൻ്റെ പേരിൽ എന്തെങ്കിലും നടപടി സിനിമാസംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ? ഇല്ല! അത് അയാൾക്കും അറിയാം. ഇനിയും എത്രയൊക്കെ കോപ്രായങ്ങൾ കാണിച്ചാലും നാളെയും തനിക്കായി പടം പിടിക്കാൻ ആളുണ്ടെന്നും ആ പടം കണ്ട് കയ്യടിക്കാൻ ആളുണ്ടെന്നും ഷൈനിനറിയാം. കാരണം മലയാളി പ്രബുദ്ധത ഇപ്പോഴിങ്ങനെയാണ്!