ദിവ്യാംഗരെ പരിഹസിക്കുന്നു, അമീർ ഖാൻ ചിത്രം ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്.

ദിവ്യാംഗരെ പരിഹസിക്കുന്ന പരാമർശങ്ങൾ അടങ്ങിയ അമീർ ഖാൻ ചിത്രം ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്. ചിത്രത്തിൽ ദിവ്യാംഗരെ പരിഹസിക്കുന്ന പരാമർശങ്ങൾ അടങ്ങിയതായുള്ള പരാതിയെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. ലാൽ സിംഗ് ചദ്ദയ്‌ക്ക് പുറമേ തപ്‌സി പന്നുവിന്റെ പുതിയ ചിത്രം സബാഷ് മിഥുവിനെതിരെയും സമാന പരാതിയിൽ കേസ് എടുത്തിരിക്കുകയാണ്.

ദിവ്യാംഗരെ പരിഹസിക്കുന്നതായി ആരോപിച്ച് ഡോക്ടേഴ്‌സ് വിത്ത് ഡിസബിലിറ്റീസ് സഹ സ്ഥാപകൻ ഡോ. സത്യേന്ദ്ര സിംഗ് ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പകർപ്പും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ദിവ്യാംഗർക്കായുള്ള പ്രത്യേക കമ്മീഷനിൽ നൽകിയ പരാതിയെ തുടർന്ന് ഇരു സിനിമകളുടെയും സംവിധായകർക്ക് നോട്ടീസ് നൽകി.

സിനിമകളിൽ ദിവ്യാംഗരെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങൾ ഉൾപ്പെടുരുതെന്നാണ് നിയമം. ഈ നിയമം ഇരു സിനിമകളും ലംഘിച്ചെന്ന് സത്യേന്ദ്ര സിംഗ് പരാതിയിൽ പറഞ്ഞിരിക്കുന്നു. ദിവ്യാംഗരെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങളിൽ സംവിധായകരിൽ നിന്നും വിശദീകരണം തേടണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ലാൽ സിംഗ് ഛദ്ദയ്‌ക്കെതിരെ രണ്ടാമത്തെ കേസാണ്ര ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ സിനിമ സാമുദായിക സൗഹാർദ്ദം തകർക്കുന്നതാണെന്ന പരാതിയിൽ ബംഗാൾ പോലീസ് കേസ് എടുക്കുകയായിരുന്നു.