അഭിനയം വിട്ട ഞാന്‍ ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നില്ല, ദൃശ്യം 2 ഈശ്വരാനുഗ്രഹം, അന്‍സിബ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അന്‍സിബ ഹസന്‍. ദൃശ്യം ഒന്നാം ഭാഗത്തിലൂടെയാണ് അന്‍സിബ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെയും മീനയുടെയും കഥാപാത്രത്തിന്റെ മൂത്ത മകളുടെ വേഷമാണ് അന്‍സിബയ്ക്ക്. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത് എത്തിയപ്പോഴും തന്റെ വേഷം അന്‍സിബ വ്യക്തമായി അവതരിപ്പിച്ചു. ആദ്യ ഭാഗത്തിലേത് പോലെ തന്നെ രണ്ടാം ഭാഗത്തിലും അന്‍സിബയുടെ കഥാപാത്രം ശ്രദ്ധേയമാണ്. രണ്ടാം ഭാഗത്തില്‍ നടിയുടെ കഥാപാത്രത്തിന്റെ അഭിനയ സാധ്യതയും കൂടുതലായിരുന്നു.

രണ്ടാം ഭാഗത്തില്‍ പോലീസിന്റെ അന്വേഷണവും മറ്റും ഭയന്ന് തകര്‍ന്ന മനസുമായി ജീവിക്കുന്ന യുവതിയുടെ വേഷമാണ് അന്‍സിബ ചെയ്തത്. വീട്ടില്‍ തന്നെ ഒതുങ്ങി ജീവിക്കുന്ന കുട്ടി. ഇടയ്ക്ക് അപസ്മാരവും അലട്ടുന്നുണ്ട്. നാളുകള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായി എത്തിയ ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു അന്‍സിബയുടെ തുടക്കം. ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം ചില മലയാള സിനിമകളില്‍ അന്‍സിബ അഭിനയിച്ചെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2019ല്‍ പെണ്ണൊരുത്തി എന്ന ചിത്രത്തിന് ശേഷം പിന്നീട് അന്‍സിബയെ പ്രേക്ഷകര്‍ കണ്ടിട്ടില്ല. പിന്നീട് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് അന്‍സിബയെ പ്രേക്ഷകര്‍ കാണുന്നത്. അഭിനയം പോലും നടി ഉപേക്ഷിച്ച് നിന്നപ്പോഴാണ് ദൃശ്യം 2 തന്നിലേക്ക് എത്തുന്നത് എന്ന് അന്‍സിബ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അന്‍സിബ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘നന്നായി വരണം എന്ന ആഗ്രഹം കൊണ്ടാണ് സിനിമാ മേഖലയിലെത്തിയത്. ഒട്ടേറെ ശ്രമങ്ങള്‍ക്കും, കഠിന പ്രയത്‌നങ്ങള്‍ക്കും, ഒഴിവാക്കപ്പെടലുകള്‍ക്കും ഒടുവില്‍ ദൃശ്യം എന്ന ഗംഭീര ചിത്രത്തില്‍ അവസരമൊരുങ്ങി. ആദ്യ ഭാഗത്തില്‍ അഭിനയിച്ചവരുടെ പേരിന്റെ പട്ടികയില്‍ ഞാനും ഉള്‍പ്പെട്ടു. എന്നാല്‍ അഭിനയം വിട്ട ഞാന്‍ ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നില്ല. ഈശ്വരാനുഗ്രഹം കൊണ്ട് ദൃശ്യം 2ലൂടെ മടങ്ങി വരാന്‍ സാധിച്ചു. എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാന്‍ ദൃശ്യത്തിലൂടെ അവസരം തന്ന ജീത്തു ജോസഫ് സാറിന് നന്ദി. എന്നെയും എന്റെ ഭാവിയെയും മെച്ചപ്പെടുത്താന്‍ സഹായിച്ച മോഹന്‍ലാല്‍ സാറിനും ആന്റണി പെരുമ്ബാവൂര്‍ സാറിനും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു,’ അന്‍സിബ കുറിച്ചു.