വിശ്വാസികളില്‍ നിന്നും വേദപാഠത്തിന്റെ പേരില്‍ കോടികള്‍ തട്ടുന്ന സീറോ മലബാര്‍ സഭയുടെ ഓസ്‌ട്രേലിയന്‍ പള്ളി, ഒരു ടേമിന് ഫീസ് 168720 രൂപ

വിശ്വാസം കൈയ്യിലെടുത്ത് സാധാരണക്കാരില്‍ നിന്നും എങ്ങനെ പണം തട്ടാം എന്നാണ് സഭകള്‍ കണക്കുകൂട്ടുന്നത്. ഇത്തരത്തില്‍ പല വിധത്തില്‍ വിശ്വാസികളില്‍ നിന്നും സഭകള്‍ പണം വശത്താക്കുന്നുമുണ്ട്. സീറോമലബബാര്‍ സഭയില്‍ നിന്നും പുറത്തെത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വിശ്വാസികളെ പോലും ഞെട്ടിച്ചിരിക്കുന്നത്. സീറോമലബാര്‍ സഭയിലെ മെല്‍ബണ്‍ രൂപതയില്‍ പെട്ട ബ്രിസ്‌ബേന്‍ സൗത്ത് പള്ളിയില്‍ വേദപാഠം പഠിക്കാനുള്ള ഫീസീണ് അമ്പരപ്പിക്കുന്നത്. ഒരു ടേമിലേക്ക് 168720 രൂപയാണ് ഫീസായി പള്ളി ഈടാക്കുന്നത്.

ഇത് മാത്രമല്ല പല വിധത്തില്‍ വിശ്വാസികളെ ചൂഷണം ചെയ്യുകയാണ് പള്ളി. പല നിര്‍ബന്ധിത പിരിവുകളും പള്ളി വിശ്വാസികള്‍ക്ക് മേല്‍ അടിച്ച് ഏല്‍പ്പിക്കുകയാണ്. കുടുംബങ്ങള്‍ പള്ളിക്ക് 2000 ഓസ്‌ട്രേലിയന്‍ ഡോളര്‍ നിര്‍ബന്ധിത സംഭാവന നല്‍കണമെന്ന് പള്ളിക്കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. ഇതിന് പുറമെ വരി സംഖ്യയുടെ പേരില്‍ മാസം തോറും 80 ഡോളര്‍ നിര്‍ബന്ധിത സംഭാവനയായി വിശ്വാസികളില്‍ നിന്നും പിടിച്ചു വാങ്ങുന്നു. വര്‍ഷത്തില്‍ ഒരു കുട്ടിക്ക് വേദപാഠം പഠിക്കാന്‍ മാത്രമായി ചിലവാക്കേണ്ട തുക 168720 രൂപയാണ്.

ഒരു ഓസ്‌ട്രേലിയന്‍ ഡോളറിന് 57 ഇന്ത്യന്‍ രൂപയാണ് വിപണി നിരക്ക് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ പ്രവാസി വിശ്വാസികള്‍ക്ക് പള്ളിക്കമ്മിറ്റിയുടെ ഈ നടപടിയെ സ്വീകരിക്കാനോ അംഗീകരിക്കാനോ ഒട്ടും സാധ്യമാകില്ല. രാജ്യത്തെ ഏതൊരു പ്രൊഫഷണല്‍ കോഴ്‌സിന് തുല്യമായ ഫീസാണ് മെല്‍ബണ്‍ സീറോ മലബാര്‍ സഭ വേദപാഠം പഠിപ്പിക്കാന്‍ മാത്രമായി ഇടാക്കുന്നത്.

ഈ ഇടവകയിലെ വികാരിയായ ഏബ്രഹാം കഴുനടയിലാണ് ഇത്തരത്തില്‍ വിശ്വാസികളെ കുത്തിപ്പിഴിഞ്ഞ് പണം വാങ്ങുന്ന പള്ളിക്കമ്മിറ്റി തീരുമാനത്തിന് പിന്നില്‍. വികാരിയും ഏതാനും ആജ്ഞാനുവര്‍ത്തികളും ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു നിയമം കൈയ്യടിച്ച് പാസ്സാക്കിയത്. രൂപതയുടെ വെബ്‌സൈറ്റില്‍ വേദപാഠം പഠിക്കുന്നവരുടെ വിവരങ്ങളുണ്ട്. മുന്നൂറില്‍ അധികം കുടുംബംഗങ്ങളും നാനൂറില്‍ അധികം കുട്ടികളും വേദപാഠം പഠിക്കുന്നുണ്ടെന്ന് വ്യക്തം. ഇത്തരത്തില്‍ വേദപാഠം പഠിപ്പിക്കുന്നതില്‍ നിന്നും മാത്രം ഇടവകയ്ക്ക് വാര്‍ഷിക വരുമാനമായി ലഭിക്കുന്നത് ആറുകോടി എഴുപത് ലക്ഷം രൂപയാണ്. വേദപാഠം വലിയൊരു ബിസിനസായി മാറ്റിയെടുത്തിരിക്കുകയാണ് പള്ളി കമ്മിറ്റിയും വികാരിയും. വികാരിയുടെ തീരുമാനത്തിന് എതിരെ വലിയ രോഷം ഉയരുന്നുണ്ട്. ഇടവകാംഗങ്ങള്‍ക്ക് ഇടയില്‍ തന്നെ വലിയ വിമര്‍ശനത്തിന് ഇത് കാരണമായിട്ടുണ്ട്.