ലക്ഷങ്ങൾ വിലവരുന്ന ആന്തൂറിയം മോഷണം ; യുവാവ് പോലീസ് പിടിയിൽ

തിരുവനന്തപുരം: ലക്ഷങ്ങൾ വിലവരുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. കൊല്ലം ചാവറ സ്വദേശി വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. അമരവിള കൊല്ലയിൽ മഞ്ചാംകുഴിയിലെ ഐആർഡഇ റിട്ട. ഉദ്യോഗ്‌സഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ വളർത്തിയിരുന്ന പ്രത്യേക ഇനത്തിൽപ്പെട്ട 200-ഓളം ആന്തൂറിയം ചെടികൾ പ്രതി കവർന്നു.

വിനീത് സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തുകയായിരുന്നു. 2011 മാർച്ചിലും, കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപും ഇയാൾ ചെടികൾ മോഷ്ടിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അലങ്കാരച്ചെടികളുടെ പരിപാലനത്തിൽ 2017-ൽ രാഷ്‌ട്രപതിയുടെ അവാർഡ് നേടിയവരാണ് ജപമണിയും ഭാര്യ വിലാസിനി ഭായിയും.

മോഷണത്തിന് ശേഷം പ്രതി ബാംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. കൈക്കലാക്കിയ ചെടികൾ സമൂഹമാദ്ധ്യമങ്ങൾ വഴി ഇയാൾ വിൽപ്പന നടത്തുകയാണ് പതിവ്. ഇതിന് മുൻപും ഇയാൾ ഇത്തരത്തിൽ മോഷണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.