അയോധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്, വിഐപികൾക്കും വിവിഐപികൾക്കും വിലക്ക് ബാധകം

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്. വിഐപികൾക്കും വിവിഐപികൾക്കും ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഫോൺ ഒപ്പം കൊണ്ടുപോകാൻ അനുവദിച്ചിരുന്നു. എന്നാൽ, ഇനിമുതൽ ഒരാളിനെയും ഫോണുമായി ക്ഷേത്രത്തിലേക്ക് കടത്തിവിടില്ല എന്നാണ് തീരുമാനം.

ഇന്നലെ ചേർന്ന ചേർന്ന രാം മന്ദിർ ട്രസ്റ്റിന്റെയും അഡ്മിനിസ്‌ട്രേഷന്റെയും യോഗത്തിലാണ് ക്ഷേത്രത്തിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്താൻ തീരുമാനമായത്. പരിസരത്ത് മൊബൈൽ ഫോണുകൾ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ട്രസ്റ്റ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് മൊബൈൽ ഫോണുകൾ നിരോധിച്ചിരിക്കുന്നത്. പ്രാണ പ്രതിഷ്ഠ മുതൽ രാമക്ഷേത്രത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഭക്തർ മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നുണ്ടായിരുന്നു .

തുടർന്ന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സാധാരണ ഭക്തർ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് വിലക്കുകയും ചെയ്തു. അതിനിടെ, ട്രസ്റ്റ് ദർശനത്തിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ആരംഭിച്ചു. ഇത് പ്രകാരം പ്രത്യേക പാസുള്ളവർക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുമതി നൽകും. കൂടാതെ, വിഐപികൾക്കും വിവിഐപികൾക്കും മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നതിൽ ഇളവ് ഉണ്ടായിരുന്നു.

ദർശന ക്യൂവിൽ തന്നെ ആളുകൾ ഫോട്ടോയും സെൽഫിയും എടുക്കാൻ തുടങ്ങി. ഇത് ശരിയല്ലെന്ന് തോന്നി. മുമ്പത്തെപ്പോലെ, എളുപ്പവും നിർദ്ദിഷ്ടവുമായ ദർശന സംവിധാനം നിലനിൽക്കും, എന്നാൽ മൊബൈൽ ഫോണുകൾക്ക് നിരോധനം ഉണ്ടാകും.- അനിൽ മിശ്ര പറയുന്നു.

അതേസമയം 2024 ഡിസംബറിനുള്ളിൽ മുഴുവൻ ക്ഷേത്രനിർമ്മാണവും പൂർത്തിയാക്കാനാണ് തീരുമാനം. രാമകഥ മ്യൂസിയത്തിന്റെ വിപുലീകരണ പദ്ധതി വിദഗ്ധ ഏജൻസികളുമായി ചർച്ച ചെയ്ത് അന്താരാഷ്‌ട്ര നിലവാരത്തിൽ നടപ്പാക്കുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഒന്നാം നിലയുടെ നിർമാണം പൂർത്തിയാക്കിയ ശേഷമായിരിക്കും രാം ദർബാർ സ്ഥാപിക്കുക. വാസുദേവ് ​​കാമത്താണ് അതിലെ ശില്പങ്ങൾ ഒരുക്കുന്നത്.