നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി വിവാഹിതയായി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആന്റണി വര്‍ഗീസ്. ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ കുടുംബത്തിലെ പുതിയ സന്തോഷത്തിലാണ് നടന്‍. ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശിയായ ജിപ്‌സണ്‍ ആണ് വരന്‍. എളവൂര്‍ സെന്റ്. ആന്റണീസ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതക്.

ഞങ്ങളുടെ കുടുംബം വലുതായി, ഡാര്‍ലിംഗ് സഹോദരിക്ക് എല്ലാ സന്തോഷവും സ്‌നേഹവും ആശംസിക്കുന്നു എന്ന് കുറിച്ചുകൊണ്ട് ഇന്‍സ്റ്റയില്‍ ആന്റണി വര്‍ഗീസ് അഞ്ജുവിനും ജിപ്‌സണും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ജനുവരി 16ന് കരയാംപറമ്പ് സെന്റ്.ജോസഫ്‌സ് പള്ളിയില്‍ വെച്ചായിരുന്നു മനസ്സമ്മത ചടങ്ങ് നടന്നത്. മനസ്സമ്മത ചടങ്ങില്‍ സിനിമാ രംഗത്ത് നിന്നുള്ള സുഹൃത്തുക്കള്‍ പങ്കെടുത്തിരുന്നു. ടൊവിനോ, ഐഎം വിജയന്‍, അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍, കിച്ചു ടെല്ലസ്, ധ്രുവ്, സാബുമോന്‍ തുടങ്ങിയ താരങ്ങള്‍ അന്ന് ചടങ്ങിനെത്തിയിരുന്നു.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി കഥാപാത്രത്തിന്റെ പേര് തന്നെ സ്വന്തം വിളിപ്പേരായി മാറിയ താരമാണ് പെപ്പേ എന്ന ആന്റണി വര്‍ഗ്ഗീസ്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, മേരി ജാന്‍, ദേവ് ഫക്കീര്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് ആന്റണിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.