ഷൂട്ടിങിന് പോകാന്‍ ഇറങ്ങിയപ്പോഴാണ് തനിക്ക് പകരം പുതിയ നടിയെ എടുത്തുവെന്ന് അറിഞ്ഞത്, വല്ലാതെ വിഷമിപ്പിച്ചു, അനു ജോസഫ് പറയുന്നു

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അനു ജോസഫ്. അവതാരകയായും നടി കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം രംഗത്തെത്താറുണ്ട്. തുടക്കകാലത്ത് പല അവഗണനകളും തിരസ്‌കാരങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി ഇപ്പോള്‍. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

അനു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ആദ്യമായി എനിക്ക് തമിഴ് സീരിയല്‍ ചെയ്യാന്‍ അവസരം കിട്ടിയിരുന്നു. അതിന്റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായിരുന്നു. തമിഴ് സിരീയല്‍ മാത്രമല്ല. തമിഴ് ഭാഷയും എല്ലാം എനിക്ക് ഇഷ്ടമാണ്. തമിഴ് ഭാഷ കുറച്ച് മാത്രമെ വശമുള്ളൂ. പണ്ട് ഞാന്‍ ഇടയ്ക്കിടെ തമിഴ് പയ്യനെ വിവാഹം ചെയ്യണമെന്ന് പറയാറുണ്ടായിരുന്നു. തമിഴ് സംസാരിക്കാന്‍ അറിയാവുന്ന ആളെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. പിന്നീട് തമിഴ് സീരിയലില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ അവിടെ പോയി ഫോട്ടോഷൂട്ടും മറ്റ് കോണ്‍ട്രാക്ടും കാര്യങ്ങളുമെല്ലാം ഞാന്‍ പൂര്‍ത്തിയാക്കി. ശേഷം ഞാന്‍ നാട്ടില്‍ വന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് വിളിച്ചിട്ട് ആ സീരിയലിന്റെ ഷൂട്ടിങ് മറ്റൊരാളെ വെച്ച് രണ്ട് ദിവസം മുമ്പ് ആരംഭിച്ചുവെന്ന് പറഞ്ഞത്. ഷൂട്ടിങിന് പോകാന്‍ ടിക്കറ്റെല്ലാം ബുക്ക് ചെയ്ത് റെഡിയാവുകയായിരുന്നു അപ്പോള്‍ ഞാന്‍.’

‘എന്റെ തമിഴ് ഉപയോഗിക്കുന്ന രീതി സംവിധായകന് ഇഷ്ടപ്പെട്ടില്ല എന്നതാണ് മാറ്റാനുള്ള കാരണമായി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത് എന്നാണ് അറിഞ്ഞത്. ആ സംഭവത്തിന് ശേഷം അവര്‍ എന്നെ നേരിട്ട് വിളിച്ച് വേറെ ആളെ വെച്ച് ഷൂട്ടിങ് തുടങ്ങാന്‍ പോവുകയാണെന്ന് പറയാതിരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇതുപോലെ തന്നെ മലയാളത്തിലെ ഒരു സീരിയലില്‍ നിന്നും എന്നെ പറയാതെ ഒഴിവാക്കിയിരുന്നു. അത് പൈലറ്റ് എപ്പിസോഡ് ഷൂട്ട് ചെയ്ത സീരിയല്‍ കൂടിയായിരുന്നു. ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോഴാണ് എനിക്ക് പകരം മറ്റൊരാളാണ് അഭിനയിച്ചിരിക്കുന്നത് എന്നും എന്റെ ഭാഗം ഒഴിവാക്കിയെന്നും മനസിലായത്. അതൊക്കെ ചങ്ക് തകര്‍ന്നുപോയ അവസ്ഥകളായിരുന്നു.’

‘അന്ന് തുടക്ക കാലമായിരുന്നത് കൊണ്ടാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ സങ്കടം തോന്നിയത്. പിന്നെ എന്റെ സ്വപ്നമായിരുന്ന വേഷം കാര്യം നിസാരത്തിലെ സത്യഭാമയിലൂടെ ഞാന്‍ സാധിച്ച് എടുത്തു. സത്യഭാമ കരുത്തുള്ള സ്ത്രീയാണ്, നല്ലൊരു ഭാര്യയാണ്, അഭിപ്രായം പറയുന്ന കുട്ടിയാണ്, ജോലി ചെയ്യുന്ന സ്ത്രീയാണ്. കൂടാതെ ആ കഥാപാത്രത്തോട് എല്ലാവര്‍ക്കും ഒരു സ്‌നേഹമുണ്ട്. അടുത്ത വീട്ടിലെ കുട്ടിയാണ് ഞാന്‍ എന്ന തോന്നല്‍ പ്രേക്ഷകരില്‍ വരുത്തിയതും സത്യഭാമയാണ്. ഷൂട്ടിങ് സെറ്റില്‍ വെച്ച് ഫൈറ്റിനിടെ പരിക്കേറ്റ് തലകറങ്ങി വീണ സംഭവമൊക്കെ നടന്നിട്ടുണ്ട്. പഴശ്ശിരാജയുടെ സെറ്റിലായിരുന്നു സംഭവം. നീലി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.’

‘പഴശ്ശിരാജ കൂടാതെ വേറെയും രണ്ട് സീരിയലുകള്‍ കൂടി ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ പലപ്പോഴും ഉറങ്ങാന്‍ പോലും സമയം കിട്ടിയിരുന്നില്ല. മാഫിയ ശശി സാറായിരുന്നു ഫൈറ്റ് ചെയ്യിപ്പിച്ചത്. ഞാന്‍ അന്ന് വ്യായാമമൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. റോപ്പില്‍ എന്നെ കെട്ടി തൂക്കി. മലക്കം മറിഞ്ഞ് വരുന്ന സീനൊക്കെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ നാലുപേരുള്ള ഫൈറ്റ് ചെയ്യുകയാണ്. ആവേശത്തില്‍ കാല് പൊക്കി ചാടി. ഉടന്‍ മലര്‍ന്നടിച്ച് വീണ് ബോധം പോയി. പിന്നെ ആശുപത്രിയിലൊക്കെ പോകേണ്ടി വന്നു. ഇങ്ങനേയും അനുഭവങ്ങളുണ്ടായിട്ടുണ്ട്.’