സ്ത്രീ ശബ്ദത്തിൽ ആപ്പ്, ഹണിട്രാപ്പ് കെണിയൊരുക്കാൻ ഡേറ്റിംഗ് ആപ്പ്, ചാറ്റും പിറകെ ഭീക്ഷണിയും, കൊച്ചിയിലെ ഹണിട്രാപ്പ് സംഗതി ഇങ്ങനെ

കൊച്ചി . എറണാകുളം പുത്തൻകുരിശിൽ ഡേറ്റിഗ് ആപ്പ് വഴി ഹണി ട്രാപ്പ് നടത്തിയ സംഘം തൃശൂർ സ്വദേശിയെ കൂടാതെ നിരവധി പേരെ കുടുക്കി എന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് ഡേറ്റിഗ് ആപ്പ് വഴി ഹണി ട്രാപ്പ് നടത്തുന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്ത്രീ ശബ്ദം കൃത്രിമമായി ഉണ്ടാക്കി പല ജില്ലകളിൽ നിന്നുള്ളവരെ ഇവർ കെണിയിൽ പെടുത്തുകയായിരുന്നു. രണ്ട് വർഷമായി തട്ടിപ്പ് തുടരുന്ന സംഘം പത്ത് ലക്ഷം രൂപ വരെ പലരിൽ നിന്ന് കൈക്കലാക്കി എന്നാണ് പുത്തൻകുരിശ് ഡിവൈഎസ്പി ടി ബി വിജയൻ പറഞ്ഞിരിക്കുന്നത്.

ഹണിട്രാപ്പ് സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി പ്രിൻസ് ആണ്. ഇയാളുടെ പങ്കാളി അശ്വതി. കൊല്ലം സ്വദേശി അനൂപ് എന്നിവർ ഒരുമിച്ചാണ് യുവാക്കളെ കെണിയിലാക്കി വന്നിരുന്നത്. വടക്കൻ പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് പുത്തൻകുരിശ് പൊലീസിൻറെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാക്കളെ കണ്ടെത്തി വന്നിരുന്നത്. ചാറ്റിൽ കറക്കി വീഴ്ത്തിയാൽ പിന്നെ ഫോൺ വിളി ആരംഭിക്കും. സ്ത്രീശബ്ദം കൃത്രിമമായി ഉണ്ടാക്കി എന്നും ഫോൺ വിളിക്കുകയായിരുന്നു. ഇങ്ങനെ പരിചയപ്പെടുന്നവരെ നേരിൽ കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കുടുക്കിലാക്കും.

പെൺകുട്ടിയുടെ സഹോദരന്മാരാണെന്ന് പറഞ്ഞ് ആണ് പ്രതികൾ രംഗത്തെത്തുക. 18 വയസ്സിന് താഴെ ഉള്ള സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയാണ് പതിവ്. പെട്ട് പോയ അവസ്ഥയിൽ മിക്കവരും ചോദിക്കുന്ന പണം നൽകാൻ തയ്യാറാവും. ഇത് നടന്നില്ലെങ്കിൽ നഗ്ന ഫോട്ടോകളെടുത്ത് പിന്നെയും ഭീഷണി ഉണ്ടാവും. സമാനരീതിയിലാണ് പറവൂർ സ്വദേശിയായ യുവാവിനെ പത്താം മൈലിൽ നിന്ന് കാറിൽ കയറ്റി കൊണ്ട് പോകുന്നത്. ബെംഗളൂരുവിലാണെന്ന് പറഞ്ഞ് അനു എന്ന പെൺകുട്ടിയുടെ പേരിലായിരുന്നു ഹണിട്രാപ്പ് നടന്നു വന്നിരുന്നത്.

ഞാൻ നാട്ടിൽ വന്നിട്ടുണ്ടെന്നും, കാണണമെന്നും പറഞ്ഞ് പെൺകുട്ടിയുടെ ശബ്ദത്തിൽ പ്രതികൾ യുവാവിനെ വിളിച്ച് വരുത്തുകയായിരുന്നു. ഇയാളെ കണ്ടതും പ്രതികളും രംഗത്ത് എത്തി. പെങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. കൈയ്യിലുണ്ടായിരുന്ന 3000 രൂപയും, സുഹൃത്തിൽ നിന്ന് 23,000 രൂപ ഗൂഗിൽ പേ വഴിയും സ്വന്തമാക്കി. ചോദിച്ചപ്പോൾ പണം നൽകിയെങ്കിലും പിന്നീട് യുവാവ് റൂറൽ എസ് പി ക്ക് പരാതി നൽകിയതോടെ ആണ് തട്ടിപ്പ് സംഘം കുടുങ്ങുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി. പ്രിൻസിൻറെ ഭാര്യ വീടായ രാമമംഗലം കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ നാടകം അരങ്ങേറിയിരുന്നത്.

ഇവരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ പരിശോധനയിൽ നിരവധി പേരെ തട്ടിപ്പിനായി ഇവർ സമീപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമാനരീതിയിൽ തൻറെ കൈയ്യിൽ നിന്ന് സ്വർണ്ണ ചെയിനും,19000 രൂപയും തട്ടിയെടുത്തെന്ന് മറ്റൊരു പരാതിയും പ്രതികൾക്കെതിരെ പൊലീസിന് ഇതിനകം കിട്ടി. പണം നഷ്ടമായ നിരവധി സംഭവങ്ങൾ നേരത്തെയും നടന്നിട്ടുണ്ടെങ്കിലും നാണക്കേട് ഭയമന്ന് പൊലീസിൽ പരാതി നൽകാൻ പലരും കൂട്ടാക്കിയിരുന്നില്ല.