ഞങ്ങള്‍ക്കിടയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല, അത്രമേല്‍ ചേര്‍ത്ത് നിര്‍ത്തുന്ന സുഹൃത്താണ് അലിഫ്, അര്‍ച്ചനയും ആര്യയും പറയുന്നു

ജന്മനാ കാലുകള്‍ക്ക് താഴെ സ്വാധീനമില്ലാത്ത അലിഫ് മുഹമ്മദ് എന്ന കോളജ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ എടുത്ത് കൊണ്ടു പോകുന്ന വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അലിഫിന്റെ സഹപാഠികളായ ആര്യയും അര്‍ച്ചനയുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഇപ്പോള്‍ തങ്ങളുടെ സൗഹൃദത്തെ കുറിച്ചും അലിഫിനെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ആര്‍ച്ചനയും ആര്യയും. ശാസ്താംകോട്ട ഡി.ബി. കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

ആര്യയും ഞാനും അലിഫിനെ എടുത്തുകൊണ്ടുപോകുന്ന വീഡിയോയേ നിങ്ങളൊക്കെ കണ്ടുള്ളൂ. സത്യത്തില്‍ ക്ലാസിലെ എല്ലാ കൂട്ടുകാരും അലിഫിനെ എടുക്കാറുണ്ട്. എന്തു പരിപാടിയുണ്ടെങ്കിലും ഏറ്റവും ഉത്സാഹത്തോടെ മുമ്പില്‍ അലിഫായിരിക്കും. അതുകൊണ്ടുതന്നെ ക്ലാസ്സ് കട്ട് ചെയ്യാനാണെങ്കില്‍ പോലും അവനെയും എടുത്തുകൊണ്ടേ ഞങ്ങള്‍ പോവൂ.. – അര്‍ച്ചന പറയുന്നു.

ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസമില്ലാതെ അലിഫിനെ എപ്പോഴും ഒപ്പം കൊണ്ടുനടക്കുന്നവരാണ് തങ്ങള്‍. ഞങ്ങള്‍ അലിഫിനെയും എടുത്ത് ക്ലാസിലേക്ക് പോകുമ്പോഴാണ് ജഗത്തേട്ടന്‍ (അലിഫിന്റെ ഈ വൈറല്‍ വീഡിയോ പകര്‍ത്തിയത് ഫോട്ടോഗ്രാഫറും കോളേജിലെ പൂര്‍വവിദ്യാര്‍ഥിയുമായ ജഗത്ത് തുളസീധരനാണ്) വിളിച്ച് ഈ വീഡിയോ കാണിച്ചത്. ഒരുപാട് സന്തോഷം തോന്നി. എപ്പോഴും വീല്‍ചെയര്‍ ഉപയോഗിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടാറുണ്ട് അലിഫ്. ഏറെയും ക്ലാസ്സിലെ ആണ്‍കുട്ടികളാണ് അവനെ കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യുന്നത്. അധ്യാപകരും മറ്റ് സഹപാഠികളും കട്ട സപ്പോട്ടാണെന്നും ആര്യ പറയുന്നു.

അലിഫിനെ കണ്ടുമുട്ടിയിട്ട് ഇപ്പോള്‍ മൂന്നുകൊല്ലമാകുന്നു. ഞങ്ങളെ അത്രേം ചേര്‍ത്തുനിര്‍ത്തുന്ന സുഹൃത്താണവന്‍. വീഡിയോ വൈറലായപ്പോള്‍ മോശം കമന്റ് വരുമോയെന്നും അല്‍പം ഭയന്നിരുന്നു. പക്ഷേ, എല്ലാത്തിനും കുഴപ്പങ്ങള്‍ കണ്ടെത്തുന്ന ചെറിയൊരു വിഭാഗത്തെ അകറ്റിനിര്‍ത്താന്‍ തന്നെയാണ് തീരുമാനം. ഞങ്ങള്‍ക്കിവിടെ ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസമൊന്നുമില്ല. അലിഫിനെ സഹായിക്കുന്നതില്‍ മോശം കമന്റുകളിടുന്നവര്‍ ഞങ്ങള്‍ക്കൊരു തടസ്സവുമല്ല.- അര്‍ച്ചന പറഞ്ഞു.

അലിഫ് പരിമിതികളില്‍ ഒതുങ്ങിനിന്നിട്ടില്ലെന്നതാണ് സത്യം. ഞങ്ങള്‍ എല്ലാത്തിനും ഒപ്പം കൂട്ടും. ഞാനും ആര്യയും അപ്രതീക്ഷിതമായി വീഡിയോയില്‍ വന്നെന്നേയുള്ളൂ.. എന്തു പരിപാടിക്കു പോവുകയാണെങ്കിലും ആരുടെ കൈയിലാണോ അവനെ കിട്ടുന്നത് അവര്‍ എടുത്തുകൊണ്ടുപോവുകയാണ് ചെയ്യാറ്. ഇന്നയാളെന്നൊന്നുമില്ല. ശരിക്കും പറഞ്ഞാല്‍ അവന്റെ എല്ലാത്തിനോടുമുള്ള ഉത്സാഹവും താത്പര്യവും അത്രക്കാണ്. ഒരു വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കണമെന്നേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഇത്രയും വൈറലാകുമെന്ന് കരുതിയില്ല. കാരണം, ഇത് കോളജില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും അര്‍ച്ചന പറയുന്നു.