വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലില്‍ വീട് തകർത്തു, അമ്മയും മകളും കുഞ്ഞും ഓടിരക്ഷപ്പെട്ടു

ഇടുക്കി : ചിന്നക്കനാലില്‍ സൂര്യനെല്ലി 92 കോളനിയില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. വീടിനുള്ളിൽ ആളുണ്ടായിരുന്നപ്പോളാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാട്ടാനയെ കണ്ട ലീലയും മകളും കൊച്ചുമകളും കാട്ടിനുള്ളിലേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

ആക്രമണത്തിൽ വീടിന്റെ അടുക്കളയും മുന്‍ഭാഗവും തകര്‍ന്നു. അടുക്കളില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് മുറ്റത്ത് പൊട്ടിച്ച് വിതറയിട്ട നിലയിലാണ്. ഇത് കഴിച്ച ശേഷമാണ് ആന മടങ്ങിയത്. മുൻപും ലീലയുടെ വീട് കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. മുമ്പ് ആക്രമിച്ചപ്പോള്‍ തകര്‍ന്ന വീടിന്റെ ഒരുഭാഗത്ത് കട്ടകള്‍ പെറുക്കിവെച്ച് ഷീറ്റുകൊണ്ട് മറച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകാതെ ഞങ്ങള്‍ക്ക്‌ ഇവിടെ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ല. ആനയെ കൊല്ലണമെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. ഇവിടെ നിന്ന് മാറ്റിത്തരണമെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മകളും അമ്മയും പറയുന്നു.