അരിക്കൊമ്പന്‍ ദൗത്യം ഉടന്‍, സാറ്റലൈറ്റ് റേഡിയോ കോളര്‍ അസമിൽ നിന്നെത്തും

കൊച്ചി . അരിക്കൊമ്പനായുളള സാറ്റലൈറ്റ് റേഡിയോ കോളര്‍ റെഡി. ബുധനാഴ്ചയോ വ്യാഴാഴ്ചയോ റേഡിയോ കോളര്‍ സംസ്ഥാനത്ത് എത്തും. സാറ്റലൈറ്റ് റേഡിയോ കോളര്‍ കൈമാറാന്‍ അസം വനം വകുപ്പ് അനുമതി നല്‍കിയതോടെയാണ് ഇത് സംബന്ധിച്ച പ്രതിസന്ധി ഒഴിവായത്.

അരിക്കൊമ്പനെ റേഡിയോ കോളര്‍ ഇട്ട് നിരീക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന് ശേഷം പറമ്പിക്കുളത്തേക്ക് കൊണ്ടുപോകാനാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. പറമ്പിക്കുളത്ത് മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ സാറ്റലൈറ്റ് കണക്ടഡ് ആയ റേഡിയോ കോളര്‍ ആയിരുന്നു വനം വകുപ്പിന് ആവശ്യമായത്. അത് സംസ്ഥാന വനം വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതോടെയാണ് ദൗത്യം നീണ്ടു പോയത്.

നിലവില്‍ അസം വനം വകുപ്പിന്റെ കൈയില്‍ മാത്രമെ സാറ്റലൈറ്റ് റോഡിയോ കോളര്‍ ഉള്ളൂ. റേഡിയോ കോളര്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആദ്യം ഫലം കണ്ടിരുന്നില്ല. ഇപ്പോഴാണ് കേരളത്തിന് സാറ്റലൈറ്റ് റോഡിയോ കോളര്‍ നല്‍കാന്‍ അസം വനം വകുപ്പ് തീരുമാനിക്കുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ സാറ്റലൈറ്റ് റോഡിയോ കോളര്‍ കേരളത്തിലെത്തിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥനെ നേരിട്ട് ഗുവഹത്തിയിലേക്ക് അയച്ച് റേഡിയോ കോളര്‍ കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച അരിക്കൊമ്പന്‍ കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.