ചക്കപ്പഴത്തിലേക്ക് ഇനി വരാന്‍ പറ്റില്ല, അര്‍ജുന്‍ പറയുന്നു

ചക്കപ്പഴം എന്ന പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് അര്‍ജുന്‍ സോമശേഖരന്‍. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിനെയാണ് അര്‍ജുന്‍ വിവാഹം ചെയ്തിരിക്കുന്നത്. താര കല്യാണിന്റെ ശിഷ്യനായിരുന്നു അര്‍ജുന്‍. വിവാഹ ശേഷമാണ് അര്‍ജുന്‍ മിനിസ്‌ക്രീനില്‍ എത്തിയത്. മികച്ച പ്രതികരണം നേടി പരമ്പര മുന്നേറുന്നതിനിടെയാണ് താരം പിന്മാറിയത്. നൃത്ത വിദ്യാലയം ഭാര്യയ്ക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കഴിയുന്നില്ലെന്നും താനും കൂടി അവള്‍ക്കൊപ്പം വേണമെന്നുമായിരുന്നു പരമ്പരയില്‍ നിന്നും പിന്മാറിയതിന് കാരണമായി അര്‍ജുന്‍ പറഞ്ഞത്.

ടിക്ക് ടോക്ക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധേയ ആയത്. ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയെങ്കിലും മറ്റ് ചാനല്‍ പരിപാടികളില്‍ അര്‍ജുനും സൗഭാഗ്യയും ഒരുമിച്ച് എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഇരുവരും സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങളും മറ്റും ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. സൗഭാഗ്യയ്‌ക്കൊപ്പം മുന്‍പ് നിരവധി വേദികളില്‍ അര്‍ജുനും ഒരുമിച്ച് നൃത്തം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ ചക്കപ്പഴത്തെ കുറിച്ചുള്ള ചോദ്യവും അതിന് അര്‍ജുന്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ചക്കപ്പഴത്തിലേക്ക് തിരികെ വരുമോ എന്നായിരുന്നു ചോദ്യം. ചക്കപ്പഴത്തിലേക്ക് ഇനി വരാന്‍ പറ്റില്ല, അവിടെ പുതിയ ശിവന്‍ വന്നു എന്നാണ് അര്‍ജുന്‍ മറുപടി നല്‍കിയത്. ചക്കപ്പഴം മിസ് ചെയ്യുന്നില്ലെന്നും അവിടെ ഉണ്ടായിരുന്ന ദിവസങ്ങള്‍ അടിച്ചുപൊളിച്ചാണ് വന്നതെന്നും അര്‍ജുന്‍ പറഞ്ഞു. അര്‍ജുനെ മിസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് ചക്കപ്പഴം താരം ശ്രുതി രജനീകാന്തും ചോദ്യോത്തര വേളയില്‍ എത്തിയിരുന്നു.