ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് ആര്യന്‍; നാല് വർഷമായി മയക്കു മരുന്ന് ഉപയോ​ഗിക്കുന്നെന്ന് വിവരം

മുംബയ്: ലഹരി മരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ( എന്‍ സി ബി) ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് ആര്യന്‍ ഖാന്‍. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു.

ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയ്ക്കിടെ ആര്യനെക്കൂടാതെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരെയും എന്‍ സി ബി അറസ്റ്റ് ചെയ്തിരുന്നു.

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുമെന്ന് 15 ദിവസം മുമ്ബുതന്നെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ സി ബി മുംബയ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെയും സംഘവും യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറി. പാര്‍ട്ടി തുടങ്ങിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.