സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വകുപ്പുകളില്‍ നിന്നും സമ്മര്‍ദം താങ്ങാന്‍ കഴിയാതെ ധനവകുപ്പ്

തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനം കൊള്ളുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ ഒന്നും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മന്ത്രിമാര്‍ പണം കിട്ടാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് തുറന്ന് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് ഇന്ധനവും അടുക്കളയില്‍ ആവശ്യത്തിന് സാധനങ്ങളും മുടങ്ങി.

പിന്നീട് പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി തന്നെ ഇടപെടേണ്ടി വന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയാണിത്. വിവിധ വകുപ്പുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നതല്ലെന്ന് ധനവകുപ്പ് പറയുന്നു. സപ്ലൈകോയ്ക്ക് നല്‍കേണ്ട പണത്തിനായി മന്ത്രി ജിആര്‍ അനിലും സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി മന്ത്രി ശിവന്‍ കുട്ടിയുമാണ് മന്ത്രിസഭയില്‍ വാദിച്ചത്.