രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ മോശമായി പെരുമാറിയയാളെ തുറന്ന് കാട്ടി സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കോവിഡ് ആയാലും ലോക്ക്ഡൗണ്‍ ആയാലും ഇതിനൊന്നും ഒരു കുറവുമില്ല. രാത്രി ആയാല്‍ എന്തിനാണെങ്കിലും പുറത്തിറങ്ങി നടക്കാന്‍ സ്ത്രീകള്‍ക്ക് ആവാത്ത അവസ്ഥയാണ് ഉള്ളത്. ഇത്തരത്തില്‍ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആയ അസാനിയ നസ്രിന്‍. ജോലി ആവശ്യത്തിനായി നടത്തിയ രാത്രി യാത്രക്കിടയില്‍ ഉണ്ടായ ദുരനുഭവമാണ് അസാനിയ പങ്കുവെച്ചിരിക്കുന്നത്.

ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് തന്നെ പിന്തുടര്‍ന്നെന്ന് അസാനിയ പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചുകൊണ്ടാണ് അസാനി സംഭവം വെളിപ്പെടുത്തിയത്. ‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോക്ക് ഒപ്പം അസാനിയ കുറിച്ചു. സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവവാണ് ഇത്തരത്തില്‍ മോശമായി പെരുമാറിയതെന്ന് പറഞ്ഞ അസാനിയ ഇയാളുടെ മുഖവും ബൈക്ക് നമ്പറും വെളിപ്പെടുത്തിയിട്ടുണ്ട്. വീഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ഇയാള്‍ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പില്‍ പറയുന്നു.

അര്‍ദ്ധരാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനെന്ന പലരുടെയും ചോദ്യത്തിന് അസാനിയ മറുപടിയും നല്‍കി. ജോലിയുടെ ഭാഗമായാണ് താന്‍ രാത്രിയില്‍ പുറത്തിറങ്ങിയതെന്നും അയാള്‍ ഈ സമയം ജോലി ചെയ്യുന്നത് അംഗീകരിക്കുകയും താന്‍ ജോലിക്കായി ഇറങ്ങി എന്ന് പറയുമ്പോള്‍ വിയോജിക്കുകയും ചെയ്യുന്നവര്‍ കമന്റുമായി എത്തരുതെന്നാണ് അസാനിയയുടെ വാക്കുകള്‍.

അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വിഗ്ഗി ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് അസാനിയയുടെ പോസ്റ്റ്. സിനിമാ നടിമാരായ സാനി ഇയ്യപ്പന്‍ അടക്കമുള്ളവര്‍ അസാനിയയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

https://www.instagram.com/p/CCl5SRTJyRo/?utm_source=ig_embed