ഏഷ്യാനെറ്റ്  ന്യൂസ് ചീഫ് റിപ്പോർട്ടക്കെതിരെ കേസ്

മഹാരാജാസ് കോളേജ് മാർ‍ക് ലിസ്റ്റ് വിവാദത്തിൽ  ഏഷ്യാനെറ്റ്  ന്യൂസ് ചീഫ് റിപ്പോർട്ടക്കെതിരെ കേസ്. ഏഷ്യാനെറ്റ്  ന്യൂസ് ചീഫ് റിപ്പോർട്ടറേയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. അഖില നന്ദകുമാറിനെതിരെയാണ് കേസെടുത്തത്.മഹാരാജാസ് കോളേജ് മാർ‍ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർ പുറത്തുവിട്ടില്ല.

പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ  പരാതിയിലാണ് നടപടി.കെ വിദ്യയുടെ വ്യാജരേഖാ കേസ് മഹാരാജാസ് കോളേജിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനായി ജൂൺ ആറിനാണ് അഖില നന്ദകുമാർ കോളേജിലെത്തിയത്. ഇതിനിടെ കോളേജിൽ നിന്ന് മലയാളം വിഭാഗത്തിലെ അധ്യാപകന്റെയടക്കം പ്രതികരണം തേടിയിരുന്നു. ഇതിനിടെ കെഎസ്‌യു പ്രവർത്തകർ മഹാരാജാസ് കോളേജിൽ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. കെഎസ്‌യു പ്രവർത്തകരിൽ ഒരാളാണ് പിഎം ആർഷോയ്ക്ക് എതിരെ രാഷ്ട്രീയ ആരോപണം ഉന്നയിച്ചത്. ഇദ്ദേഹമാണ് പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് ഉയർത്തിക്കാട്ടി ആരോപണം ഉന്നയിച്ചത്.

അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയാണ്. എന്നാൽ കേസിന്റെ വിശദാംശം പോലീസ് പുറത്ത് വിട്ടിട്ടില്ല. എന്തിനാണ്‌ ഏഷ്യാനെറ്റ് ജേണലിസ്റ്റിനെതിരേ കേസ് എന്നും പറയുന്നില്ല.  എഫ്ഐആർ 24 മണിക്കൂറിനുള്ളിൽ പുറത്ത് വിടണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ, കുറ്റാരോപിതരിൽ നിന്ന് പോലും പൊലീസ് എഫ്ഐആർ മറച്ചുവെച്ചു. 1745 /2023 എന്നതാണ് ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ നമ്പർ.