മദ്രസകൾ ഇനി സർക്കാർ സ്കൂളുകൾ,അസാമിൽ വിപ്ലവ മാറ്റങ്ങൾ

സംസ്ഥാനത്ത് സർക്കാർ സഹായത്തോടെ പ്രവർത്തിച്ചിരുന്ന മദ്രസകൾ സ്ക്കൂളുകളാക്കി മാറ്റാനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ നിർദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . മതസംഘടനകൾക്കോ, മറ്റു സംഘടനകൾക്കോ അവരുടെ നിയന്ത്രണത്തിൽ മദ്രസകൾ പ്രവർത്തിപ്പിക്കാം. എല്ലാ സമുദായങ്ങൾക്കും മതപരമായ അവകാശങ്ങൾ ഒരുപോലെയായിരിക്കണമെന്ന കാഴ്ചപ്പാടോടെയാണ് പുതിയ തീരുമാനം .പുതിയ നടപടി സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ മതേതരമാക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മതവിദ്യാഭ്യാസത്തിനായി സർക്കാരിന് പണം ചെലവഴിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ചെലവിൽ ഖുറാൻ പഠിപ്പിക്കില്ല. ഇത് തുടർന്നാൽ നാളെ ബൈബിളും ഭഗവദ്ഗീതയും പഠിപ്പിക്കേണ്ടിവരും. അതിന് ഉദ്ദേശ്യമില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു .മദ്രസകൾക്കായി സർക്കാർ പ്രതിവർഷം 260 കോടി രൂപയാണ് ചെലവഴിക്കുന്നത് . സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ മദ്രസകൾ സ്ക്കൂളുകളാക്കി മാറ്റാനുള്ള ബിൽ കൊണ്ടു വന്നിരുന്നു . ബിൽ പാസായതോടെ 620 ഓളം സർക്കാർ എയ്ഡഡ് മദ്രസകൾ ഇല്ലാതായി. ഏപ്രിൽ ഒന്നിനകം അവരെ സാധാരണ സ്ക്കൂളുകളിലേക്ക് മാറ്റാനായിരുന്നു ലക്ഷ്യം, പക്ഷേ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം ഇത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

അതേസമയം അസാം സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ്‌ലിം പുരോഹിതർ രംഗത്തെത്തി . തീരുമാനം ഉറപ്പിക്കുന്നതിന് മുൻപ് സർക്കാർ രണ്ട് വട്ടം ആലോചിക്കണമെന്നും പുരോഹിതർ ആവശ്യപ്പെട്ടു.”രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലം മുതൽ മദ്രസകൾ അസമിൽ പ്രവർത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ മദ്രസയിൽ ചേർന്നിട്ടുണ്ട്, പലരും ഇതിനകം വിജയിച്ചു. സർക്കാർ മദ്രസകളെ അടച്ചുപൂട്ടുകയാണെങ്കിൽ, ഈ വിദ്യാർത്ഥികളുടെ ജീവിതം നശിപ്പിക്കപ്പെടും. അതിനാൽ ഇത് ചെയ്യരുതെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സിലബസിൽ എന്തെങ്കിലും മാറ്റം ആവശ്യമെങ്കിൽ അത് ചെയ്യുക. മതവിദ്യാഭ്യാസത്തോടൊപ്പം പൊതുവിദ്യാഭ്യാസവും അവിടെ പഠിപ്പിക്കുന്നുണ്ട്”ഇമാം മോഫിദുൽ ഇസ്‌ലാം പറഞ്ഞു

അസമിലെ ബിജെപി സർക്കാർ തന്നെയാണ് 2017-ൽ മദ്രസ, സംസ്‌കൃത സ്‌കൂൾ ബോർഡുകൾ പിരിച്ചുവിട്ട് സെക്കൻഡറി ബോർഡ് ഓഫ് എജ്യുക്കേഷനിൽ ലയിപ്പിച്ചത്. എന്നാലിപ്പോൾ അവ അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. അതേ സമയം സാമൂഹ്യ സംഘടനകളും എൻജിഒകളും നടത്തുന്ന മദ്രസകൾ നിയന്ത്രണങ്ങളോടെ തുടരുമെന്നും അസം വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.സംസ്ഥാന സർക്കാർ ഒരു മതേതര സ്ഥാപനമായതിനാൽ, മതപരമായ അധ്യാപനത്തിൽ ഏർപ്പെടുന്ന സംഘടനകൾക്ക് ധനസഹായം നൽകാൻ കഴിയില്ല. മാതാപിതാക്കൾ എടുക്കുന്ന തീരുമാനങ്ങൾ കാരണം കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മതപഠനശാലകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ 14 വയസ്സിന് താഴെയുള്ളവരായതിനാൽ, അവരെ എവിടെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന് പലപ്പോഴും തീരുമാനിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. മതപഠനത്തിലെ അമിതഭാരം കാരണം ഒരു വിദ്യാർത്ഥിക്കും പൊതുവിദ്യാഭ്യാസം നഷ്ടപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഒരു നിയന്ത്രണം കൊണ്ടുവരും, മതപരമായ പഠനത്തിനൊപ്പം നിർബന്ധിത പൊതുവിദ്യാഭ്യാസം നൽകാനും സ്വകാര്യ മദ്രസകളോട് ആവശ്യപ്പെടും’ ഹിമന്ത ബിസ്വ ശർമ പറഞ്ഞു.

മദ്രസകൾക്കെതിരെ രൂക്ഷവിമർശനവുമായി മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ രംഗത്തെത്തി . മദ്രസകൾ മൗലികവാദവും വർഗീയതയും വളർത്തുന്നു. രാജ്യത്ത് മദ്രസുകൾക്ക് സംസ്ഥാനങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.എല്ലാ വർഗീയവാദികളെയും തീവ്രവാദികളെയും വളർത്തിയത് മദ്രസകളാണ്. ജമ്മുകശ്മീർ ഭീകരപ്രവർത്തനത്തിന്റെ ഫാക്ടറിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അസം അത് വിജയകരമായി നടപ്പാക്കി. ദേശീയതയ്ക്ക് തടസം നിൽക്കുന്നവയെല്ലാം അടച്ചുപൂട്ടണം. മദ്രസകൾക്ക് സംസ്ഥാനസർക്കാർ നൽകുന്ന പിന്തുണ അവസാനിപ്പിക്കണം. കാരണം മതവിശ്വാശം പ്രോത്സഹിപ്പിക്കുന്നതിനായി അത്തരം സ്ഥാപനങ്ങൾ നടത്താൻ വഖഫ് ബോർഡ് ശക്തമാണെന്നും മന്ത്രി പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സമൂഹത്തിൽ മതമൗലികതയും വിദ്വേഷവുമാത്രമാണ് വളർത്തുന്നതെന്നും താക്കൂർ കൂട്ടിച്ചേർത്തു