പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ തന്നെയും ഉലച്ചിരുന്നു, തുറന്ന് പറഞ്ഞ് അശ്വതി ശ്രീകാന്ത്

ഗര്‍ഭകാലവും പ്രസവവുമൊക്കെ ചിലര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഇപ്പോള്‍ മിക്ക സ്ത്രീകളിലും കണ്ടു വരുന്നുണ്ട്. പ്രസവത്തിന് ശേഷം ഒരാഴ്ച്ച മുതല്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന കാലയളവാണ് രോഗനിര്‍ണയത്തിന് പരിഗണിക്കുന്നത്. കൃത്യ സമയത്ത് കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്തില്ലെങ്കില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒന്നാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഇപ്പോള്‍ താന്‍ പ്രസവ ശേഷം അനുഭവിച്ച പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ചും അതിനെ മറികടന്നതിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അശ്വതി ഇക്കാര്യം പറഞ്ഞത്.

അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ, ആദ്യത്തെ പ്രസവത്തിന് ശേഷം വലിയ രീതിയില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ തന്നെ ഉലച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോള്‍ വലിയ തോതില്‍ അല്ലെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ തന്നെ അലട്ടിയിരുന്നു. താന്‍ പോസ്റ്റ്പാര്‍ടം ഡിപ്രഷനെ അതീജിവിച്ചത് കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സ്‌നേഹവും പരിചരണവും കൊണ്ടാണ്. അമ്മയേയും കുഞ്ഞിനേയും ഒരുപോലെ പരിഗണിച്ചാല്‍ മാത്രമെ പിന്നീട് അങ്ങോട്ട് ഇരുവര്‍ക്കും സന്തോഷകരമായ ജീവിതം ഉണ്ടാവുകയുള്ളൂ.

പല കുടുംബങ്ങളിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന സ്ത്രീയുടെ അവസ്ഥയെ അവഗണിക്കുന്ന അവസ്ഥയുണ്ട്. അതിനെ മറികടക്കാന്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സഹായമാണ് ഏതൊരു സ്ത്രീക്കും ആവശ്യം. പ്രസവമെന്നതിനെ വളരെ നിസാരമായി കണ്ട് പെണ്‍കുട്ടികളുടെ മാനസീകാവസ്ഥകളെ അവഗണിക്കുമ്പോള്‍ ഒരിക്കലും തിരികെ വരാന്‍ പറ്റാത്ത മാനസീകാവസ്ഥകളിലേക്ക് അവര്‍ നീങ്ങും.

ഗര്‍ഭകാലം മുതല്‍ സമൂഹത്തിന് ഉപകാരപ്രദമാകുന്ന നിരവധി വീഡിയോകള്‍ അശ്വതി പങ്കുവെച്ചിരുന്നു. കമലയെന്നാണ് രണ്ടാമത്തെ മകള്‍ക്ക് അശ്വതി പേരിട്ടിരിക്കുന്നത്. വിദ്യാരംഭ ദിനത്തില്‍ നൃത്തം പഠിക്കാന്‍ ആരംഭിച്ചതിന്റെ വിശേഷങ്ങളും അശ്വതി പങ്കുവെച്ചിരുന്നു. ആഗസ്റ്റിലാണ് അശ്വതി ശ്രീകാന്തിന് രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നത്. രണ്ടാമതും താന്‍ അമ്മയായ സന്തോഷം സോഷ്യല്‍ മീഡിയ വഴിയാണ് താരം പങ്കുവച്ചത്. ‘അവള്‍ എത്തി…. അമ്മയ്ക്കും കുഞ്ഞിനും സുഖം.അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം’ എന്ന് കുറിച്ചുകൊണ്ടാണ് മകള്‍ പിറന്ന സന്തോഷം അശ്വതി പങ്കുവെച്ചത്. ഏറെ നാളായി തന്റെ രണ്ടാമത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലായിരുന്നു അശ്വതിയും കുടുംബവും.