അശ്ലീല കമന്റിന് മറുപടി നല്‍കും മുമ്പ് ആലോചിച്ചത് രണ്ട് കാര്യങ്ങള്‍, അശ്വതി ശ്രീകാന്ത് പറയുന്നു

അശ്ലീല കമന്റിട്ടയാള്‍ക്ക് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരങ്ങളും ആരാധകരും അടക്കം നിരവധി പേര്‍ അശ്വതിയുടെ കമന്റിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തി. ഇപ്പോള്‍ കമന്റിന് മറുപടി നല്‍കിയതിനെ കുറിച്ച് അശ്വതി തുറന്ന് പറയുകയാണ്. ഒരു അഭിമുഖത്തിലാണ് അശ്വതി കമന്റിന് മറുപടി നല്‍കിയതിനെ കുറിച്ച് തുറന്ന് പറഞ്ഞത്.

അശ്വതിയുടെ വാക്കുകളിങ്ങനെ, മീഡിയയില്‍ വന്ന കാലം മുതല്‍ പല തരത്തിലുള്ള കമന്റുകള്‍ കാണാറുണ്ട്. പബ്ലിക പ്രോപ്പര്‍ട്ടിയായാണ് പലരും നമ്മളെ കാണാറുള്ളത്. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കരമായിട്ട് സങ്കടം വരുമായിരുന്നു. ആരും കാണല്ലേയെന്നോര്‍ത്ത് പെട്ടെന്ന് കമന്റ് ഡിലീറ്റ് ചെയ്യ്ത് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമായിരുന്നു. ആരോടും പറയാന്‍ ധൈര്യമില്ലാതെ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയാണ് ഇപ്പോള്‍ നമ്മള്‍ക്ക് അതിനോട് വേറൊരു അപ്രോച്ച് വന്നത്. ഞാനെന്തിന് നാണിക്കണം, ഞാനല്ല ഇതിനകത്ത് ചൂളി നില്‍ക്കേണ്ടത്.

ഞാനത് ചെക്ക് ചെയ്തപ്പോള്‍ ആ പ്രൊഫൈല്‍ ഒറിജിനലാണ്. അതായിരുന്നു ഭയങ്കര ഷോക്കിങായത്. ഒറിജിനലായ പ്രൊഫൈലില്‍ നിന്ന് മറ്റൊരു ഒറിജിനല്‍ പ്രൊഫൈലിലേക്ക് വന്ന് ഇങ്ങനെയൊരു കാര്യം പറയണമെങ്കില്‍ അതായിരുന്നു എന്നെ ചിന്തിപ്പിച്ചത്, അല്ലാതെ ഇത് എന്നെ പ്രവോക്ക് ചെയ്തിട്ടൊന്നുമില്ല. അയാളുടെ മാതാപിതാക്കളെ പറയുന്നതിനും അപ്പുറത്ത് ഇതിന് മറ്റൊരു മനോഹരമായ പേസ്‌പെക്റ്റീവുണ്ട്.

ഒരുപാട് പെണ്‍കുട്ടികളാണ് എന്നെ ഫോണ്‍ ചെയ്തത്. ഇങ്ങനെയുള്ള കമന്റുകള്‍ വരുമ്പോള്‍ വല്ലാതെ ചൂളിപ്പോവാറാണ് പതിവ്. അതിനെതിരെ പ്രതികരിക്കാം, ഒരു കുഴപ്പവുമില്ല എന്നൊരു ധൈര്യം തോന്നി. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്. അയാളുടെ കുടുംബത്തെയോ രാഷ്ട്രീയത്തെയോ ചോദ്യം ചെയ്യുന്നതിനോടൊന്നും താല്‍പര്യമില്ല. ആ കമന്റിനും മറുപടിക്കും വലിയ ദൂരമില്ല. 2 കാര്യങ്ങളാണ് ആലോചിച്ചത്. മറുപടി കൊടുക്കണോ വേണ്ടയോ എന്നായിരുന്നു ആദ്യം നോക്കിയത്. പ്രൊഫൈല്‍ ഫേക്കാണോയെന്നായിരുന്നു പിന്നെ നോക്കിയത്. ഞാനിപ്പോള്‍ മനോഹരമായൊരു അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്.