സ്റ്റാലിൻ സർക്കാർ പ്രമുഖ വനിതകളെ രക്ഷിക്കാനുള്ള തിരക്കിൽ, വിമർശനവുമായി നടി അദിതി ബാലൻ

ചെന്നൈ : തമിഴ്‌നാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്ന സാഹചര്യത്തിലും സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് കാണിക്കുന്നതെന്ന് നടി അദിതി ബാലൻ. സോഷ്യൽ മീഡിയയിലും നടി തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ‘ പ്രളയത്തിൽ കുടുങ്ങിയ എന്റെ കുടുംബത്തെ ഒഴിപ്പിക്കാൻ ഞാൻ കാത്തിരിക്കുമ്പോൾ, മുഖ്യമന്ത്രി സ്റ്റാലിന്റെ വാഹനവ്യൂഹത്തിന് പോകാൻ എന്റെ കാർ മാറ്റാൻ അവർ എന്നോട് ആവശ്യപ്പെട്ടു.

എവിടെയാണ് സർക്കാർ? ഞാൻ തിരുവാമൂർ രാധാകൃഷ്ണൻ നഗറിൽ പോയി, സമീപ പ്രദേശങ്ങളിലെ വെള്ളവും ഈ ഭാഗത്തേക്ക് തിരിച്ചുവിട്ടിരിക്കുന്നു. ചത്ത മൃഗങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു. 2 കുട്ടികളെയും അവരുടെ മുത്തശ്ശിയെയും രക്ഷിക്കാൻ ഞങ്ങൾക്ക് വെള്ളപ്പൊക്കത്തിലൂടെ സഞ്ചരിക്കേണ്ടി വന്നു. അതിനിടെ, 6 പോലീസുകാരുമായി ഒരു ബോട്ട് കോട്ടൂർപുരത്തെ റിവർ വ്യൂ റോഡിൽ പ്രശസ്തയായ ഒരു സ്ത്രീയെ കൊണ്ടുപോകാൻ എത്തി.‘ അദിതി പറയുന്നു.

ആളുകൾ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഡിഎംകെ സർക്കാരിൽ നിന്ന് ആരും ഒന്നും ചെയ്യുന്നില്ലെങ്കിൽ എന്തിനാണ് അവരെ തിരഞ്ഞെടുത്തതെന്നും അദിതി ചോദിക്കുന്നു .നടി വിനോദിനി വൈദ്യനാഥനും സ്റ്റാലിൻ സർക്കാരിനെതിരെ രംഗത്തെത്തി.