കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ സതീശനെയാണ് ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, കണ്ണൂർ ചാലയിൽ വെളളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ. ചാല കിഴക്കേക്കരയിലെ സുധീഷാണ് മരിച്ചത്. ചാല തോടിനോട് ചേർന്ന ചതുപ്പിലെ വെളളക്കെട്ടിൽ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം രാവിലെ നാട്ടുകാർ കണ്ടത്. രാത്രി വൈകി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വീണതെന്നാണ് നിഗമനം. എടക്കാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.