മദ്യക്കടയില്‍ മോഷണം നടത്താന്‍ ശ്രമം; ലക്കുകെട്ട് കള്ളന്മാര്‍ പോലീസ് പിടിയില്‍

ചെന്നൈ. മദ്യക്കടയുടെ ചുവര്‍ തുരന്ന് അകത്ത് കയറി മദ്യപിച്ച കള്ളന്‍മാര്‍ പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ കരവട്ടിയെന്ന സ്ഥലത്തെ സര്‍ക്കാര്‍ മദ്യക്കടയായ ടാസ്മാകിന്റെ ചുവര്‍ തുരന്നാണ് കള്ളന്മാര്‍ അകത്ത് കടന്നത്. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മദ്യക്കടയില്‍ നിന്നും പണം മോഷ്ടിക്കുകയായിരുന്നു കള്ളന്മാരുടെ ലക്ഷ്യം.

മോഷണത്തിന് ശേഷം കടയിലെ മദ്യം അകത്താക്കിയതോടെ പുറത്തിറങ്ങുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. രാത്രി പതിനൊന്ന് മണിയോടെ കട അടച്ച് ജീവനക്കാര്‍ പോയി. അതിന് ശേഷം രാത്രി രണ്ട് മണിയോടെ പോലീസ് പെട്രോളിങ് സംഘം കടയുടെ അടുത്തെത്തിയപ്പോള്‍ കടയ്ക്കുള്ളില്‍ നിന്നും കുപ്പികള്‍ വീഴുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് സംശയം തോന്നിയ പോലീസ് പരിശോധന നടത്തുകയായിരുന്നു.

മേശയില്‍ ഉണ്ടായിരുന്ന പതിനായിരം രൂപയുമായി പോകുവാന്‍ തുടങ്ങുമ്പോഴായിരുന്നു മദ്യകുപ്പികള്‍ മോഷ്ടാക്കള്‍ കാണുന്നത്. പിന്നീട് ഇഷ്ട ബ്രാന്‍ഡുകള്‍ വേണ്ടു വോളം അകത്താക്കി. തുടര്‍ന്ന് പുറത്ത് പോകുവാന്‍ കഴിയാത്ത അവസ്ഥയിലായി രണ്ട് മോഷ്ടാക്കളും. പോലീസ് സ്ഥലത്തെത്തിയതോടെ രണ്ട് പേരെയും പുറത്തെത്തിച്ചു. പിന്നീട് പോലീസ് സ്‌റ്റേഷനിലേക്കും കൊണ്ടുപോയി. ഇരുവരുടെയും പേരില്‍ മോഷണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.