അനീഷ് ജീവനൊടുക്കാന്‍ കാരണം വാടക ആവശ്യപ്പെട്ട് വീട്ടുടമയുടെ നിരന്തര സമ്മര്‍ദ്ദം, എല്ലാം നഷ്ടപ്പെട്ട് ഭാര്യ സൗമ്യയും മക്കളും

കൊച്ചി: കോവിഡും ലോക്ക്ഡൗണും ഒക്കെ ആയതോടെ പലരും സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്.ജീവിതം എങ്ങനെ കരക്കടുപ്പിക്കും എന്ന് പോലും വ്യക്തമാകാത്ത പലരും ഇപ്പോഴും നമുക്ക് ചുറ്റിനുമുണ്ട്.വാടകയ്ക്ക് മറ്റും വീട് എടുത്ത് കഴിയുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.വാടക മുടങ്ങി വീട്ടില്‍ നിന്നും എപ്പോള്‍ പുറത്താക്കുമെന്ന ഭയം ഇവരെ മാനസികമായി തളര്‍ത്തുന്നുണ്ട്.ഇന്നലെ കൊച്ചിയില്‍ ഓട്ടോ തൊഴിലാളി ജീവന്‍ ഒടുക്കിയതും ഇതേ കാരണത്താലാണ്.

ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സിമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തോപ്പുംപടിയില്‍ താമസിക്കുന്ന അനീഷ് എന്ന 37കാരന്‍ ജീവന്‍ ഒടുക്കിയത്.വാടക വീട്ടില്‍ ആയിരുന്നു അനീഷും കുടുംബവും കഴിഞ്ഞിരുന്നത്.വാടക നല്‍കാന്‍ പറഞ്ഞ് വീട്ടുടമ നിരന്തരമായി അനീഷിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.ഇതാണ് അനീഷ് ജീവനൊടുക്കാന്‍ കാരണമായതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൗമ്യ തോപ്പുംപടി പറഞ്ഞു.ഇക്കാര്യം ചൂണ്ടിക്കാട്ടി സൗമ്യ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അനീഷ്.അനീഷ് മരിച്ചതോടെ സൗമ്യയും അനീഷിന്റെ അമ്മ രമണിയും ഒമ്പതും രണ്ടും വയസുള്ള കുഞ്ഞുങ്ങളും ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ്.സ്വന്തമായി ഒരു തുണ്ട് ഭൂമിയോ മറ്റ് വരുമാന മാര്‍ഗങ്ങളോ ഒന്നും ഇവര്‍ക്കില്ല.മക്കളുടെ ഭാവി സൗമ്യയുടെ മുന്നില്‍ വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.നാല് മാസമായി സാമ്പത്തിക പ്രതിസന്ധി കാരണം വാടക മുടങ്ങിയിരുന്നു.ലോക്ക്ഡൗണില്‍ അനീഷിന് തൊഴിലില്ലാതായത് ആണ് ഇതിന് കാരണം.നാല് മാസത്തെ വാടക കുടിശകയുടെ പേരില്‍ വീട്ടുടമ നിരന്തരമായി അനീഷിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.ഒടുവില്‍ യാതൊരു വഴിയുമില്ലാതെ അനീഷ് വ്യാഴാഴ്ച ജീവനൊടുക്കുകയായിരുന്നു.

വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് അനീഷിനെ കണ്ടെത്തിയത്.കോവിഡ് കാലമായതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും തുടര്‍ന്ന് ഓട്ടം ഇല്ലാതായി.ഇതോടെ അനീഷ് ഓട്ടോ ഉടമയെ തിരികെ ഏല്‍പ്പിച്ചു.പിന്നീട് കൂലിപ്പണി ചെയ്താണ് അനീഷ് കുടുംബം പുലര്‍ത്തിയിരുന്നത്.