ഓട്ടോ ഡ്രൈവറെ വീട്ടിലേക്ക് വിളിച്ച് വരുത്തി കുത്തി, പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോട്ടയം. ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടം പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം കുത്തിയ ഗൃഗനാഥന്‍ തൂങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം സ്വദേശിയായ ഷിബു ലൂക്കോസാണ് മരിച്ചത്.

അറുനൂറ്റിമംഗലം സ്വദേശിയായ വിഎസ് പ്രഭാതിനാണ് കുത്തേറ്റത്. ഉച്ചയോടെ ഷിബു പ്രഭാതിനെ വീട്ടിലേക്ക് ഓട്ടം പോകാന്‍ വിളിച്ച് വരുത്തിയ ശേഷം കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുത്തേറ്റ പ്രഭാത് അവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും ഓട്ടോ മതിലിലും പോസ്റ്റിലും ഇടിച്ച് നില്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രഭാതിനെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാത് രക്ഷപ്പെട്ട ശേഷം ഷിബു വീട്ടില്‍ കയറി തൂങ്ങുകയായിരുന്നു.