രാമനൊപ്പം കൊച്ചു മിടുക്കി രാമപ്രിയയെ തേടി മലയാളികൾ

ദശാബ്ദക്കാലത്തെ രാമഭക്തരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അയോധ്യയിൽ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകള്‍ കഴിഞ്ഞിരിക്കുകയാണ് . ഈ മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട ഈ ദിനത്തിൽ രാമനൊപ്പം ശ്രദ്ദേയമാകുകയാണ് രാമപ്രിയ എന്ന ഒരു കൊച്ചു മിടുക്കി. 2020 ആഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയ പുണ്യദിനത്തിൽ ആണ് കേരളത്തിൽ രാമപ്രിയ എന്ന പേര് ലഭിച്ച ഒരു കുഞ്ഞു മിടുക്കി ഉണ്ടെന്നു ലോകം ഇന്ന് അറിയുന്നത് .

ഇരിങ്ങാലക്കുട താണിശ്ശേരി പട്ടാട്ട് വീട്ടിൽ നിധിൻ – നവശ്രീ ദമ്പതികളുടെ മകൾക്കാണ് ക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയ പുണ്യദിനത്തിൽ നാമകരണ ചടങ്ങ് നടന്നത്. ചരിത്രപ്രസിദ്ധമായ ദിനത്തിൽ നടന്ന നാമകരണ ചടങ്ങിൽ മകൾക്ക് ഭഗവാൻ ശ്രീരാമചന്ദ്രനുമായി ബന്ധപ്പെട്ട പേരു തന്നെ നൽകണമെന്ന് തന്നെയായിരുന്നു അച്ഛനും അമ്മയും തീരുമാനിക്കുകയായിരുന്നു. ശ്രീരാമന് ‌ഏറ്റവും പ്രിയമുള്ളവൾ എന്ന അർത്ഥം വരുന്ന രാമപ്രിയ എന്ന പേരു തന്നെ അവർ നൽകി . ഇന്ന് മഹത്തായ അയോദ്ധ്യ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ആ രാമപ്രിയ എവിടെയെന്ന് തേടുകയാണ് മലയാളികൾ .

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹനീയ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.

12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കൻഡ് നേരത്തോളം ചടങ്ങ് നീണ്ടു. രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകൾ തുറന്ന് അഞ്ജനമെഴുതി. കണ്ണാ‌ടി ഉപയോ​ഗിച്ച് ഭഗവാൻ തന്നെ ആദ്യം ഭഗവാനെ കണ്ട ഈ ധന്യമുഹൂർത്തത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ അയോദ്ധ്യയുടെ മണ്ണിലേക്ക് പുഷ്പവൃഷ്ടി നടത്തി. ചടങ്ങുകൾക്ക് മുന്നോടിയായി 50 സം​ഗീതോപകരണങ്ങൾ ഉപയോ​ഗിച്ചുള്ള മം​ഗളധ്വനി ക്ഷേത്ര പരിസരത്ത് മുഴങ്ങി.

51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വി​ഗ്രഹമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ​ഗർഭ​​ഗൃഹത്തിൽ പ്രതിഷ്ഠിച്ചത്. അഞ്ച് വയസുകാരന്റെ രൂപത്തിലാണ് ശ്രീരാമ വി​ഗ്രഹം കൊത്തിയെടുത്തത്. 300 കോടി വർഷം പഴക്കമുള്ള കല്ലിലാണ് പ്രശസ്തനായ അരുൺ യോ​ഗി രാജ് വി​ഗ്രഹം കൊത്തിയെടുത്തത്. ആടയാഭരണങ്ങൾ അണിഞ്ഞ വി​ഗ്രഹത്തിന്റെ ഇടതുകയ്യിൽ അമ്പും വില്ലുമുണ്ട്. 200 കിലോയോളം ഭാരമാകും വി​ഗ്രഹത്തിനുള്ളത്.

അതേസമയം, ഇതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അയോദ്ധ്യാ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ വിഗ്രഹം നിർമ്മിച്ച ശിൽപി അരുൺ യോഗിരാജ്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയ അരുൺ യോഗിരാജ് സന്തോഷത്തിലും അഭിമാനത്തിലുമാണ്. ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ താനാണ്. പൂർവ്വികരുടെയും കുടുംബാംഗങ്ങളുടെയും ഭഗവാൻ രാംലല്ലയുടെയും അനുഗ്രഹം എപ്പോഴും കൂടെയുണ്ട്. ചില നിമിഷങ്ങളിൽ ഞാൻ സ്വപ്ന ലോകത്താണ്- അരുൺ യോഗി രാജ് പറഞ്ഞു.

രാം ലല്ലയുടെ വിഗ്രഹം നിർമ്മിക്കാൻ കഴിഞ്ഞ ഏപ്രിലിലാണ് അരുണിനെ ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് സമീപിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീർക്കണമെന്നായിരുന്നു നിർദ്ദേശം. ഒരുപാട് പഠനങ്ങൾക്ക് ശേഷമാണ് രാം ലല്ലയുെട വിഗ്രഹം കൊത്തിയെടുത്തത്. 10 ടൺ കൃഷ്ണശിലയിൽ കൊത്തിയെടുത്തതാണ് രാം ലല്ലയുടെ 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം.മൈസൂരു സ്വദേശിയായ അരുൺ യോഗി രാജ് എംബിഎ ബിരുദധാരിയാണ്. 2008-ലാണ് കുലത്തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏഴുമാസത്തോളമെടുത്താണ് രാം ലല്ലയുടെ വിഗ്രഹം നിർമ്മിച്ചത്. കേദാർനാഥിലെ ആദി ശങ്കരാചാര്യ പ്രതിമ, ന്യൂഡൽഹിയിലെ ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ തുടങ്ങിയവയെല്ലാം കൊത്തിയെടുത്തത് അരുൺ യോഗി രാജാണ്.