രാമഭക്തരുടെ ബലിദാനത്തിന്റെ ഫലമായാണ് രാമജന്മഭൂമിയിൽ ക്ഷേത്രം ഉയർന്നത്, ജെ. നന്ദകുമാർ

തിരുവനന്തപുരം: ശ്രീരാമഭക്തരുടെ വർഷങ്ങളുടെ പോരാട്ടമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിലും പ്രാണ പ്രതിഷ്ഠയിലും സന്തോഷം പങ്കുവച്ച് അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് ജെ. നന്ദകുമാർ.

ലക്ഷകണക്കിന് രാമഭക്തരുടെ ബലിദാനത്തിന്റെ ഫലമായാണ് രാമജന്മഭൂമിയിൽ ക്ഷേത്രം ഉയർന്നത്. രാമക്ഷേത്രത്തിനു വേണ്ടി വിശ്വാസികളുടെ 496 വർഷത്തെ പോരാട്ടമാണ് ഇന്ന് യാഥാർത്ഥ്യമായത്. ദീർഘ നാളത്തെ കാത്തിരിപ്പ് യാഥാർത്ഥ്യമായെന്നും ജെ നന്ദകുമാർ എക്‌സിൽ കുറിച്ചു.

12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കൻഡ് നേരത്തോളം ചടങ്ങ് നീണ്ടു. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 വിശിഷ്ടാതിഥികളുടെ സാന്നിധ്യവുമുണ്ടാകും.51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വി​ഗ്രഹമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ​ഗർഭ​​ഗൃഹത്തിൽ പ്രതിഷ്ഠിച്ചത്. അഞ്ച് വയസുകാരന്റെ രൂപത്തിലാണ് ശ്രീരാമ വി​ഗ്രഹം കൊത്തിയെടുത്തത്.

പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകിട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും.

പൊലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും അയോധ്യ ആഘോഷ തിമിർപ്പിലാണ്. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാണ്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽനിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും. തീർഥാടകര്‍ക്ക് പലയിടത്തും സൗജന്യഭക്ഷണവും നല്‍കുന്നുണ്ട്.