രക്ഷാബന്ധൻ നിരോധിച്ചവർ നാളെ മതത്തിൻ്റെ പേരിൽ അണിഞ്ഞ അരഞ്ഞാണച്ചരടും താലിച്ചരടും നിരോധിക്കില്ലേ?, രക്ഷാബന്ധൻ നടത്താൻ അനുവദിക്കില്ലെന്ന ഉത്തരവിനെതിരെ ബിജെപി

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ബിജെപി. മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ഡിഎംഇ റംലാബീവി ആദ്യം ഊരിമാറ്റേണ്ടതെന്ന് ബി ഗോപാലകൃഷ്ണൻ വിമർശിച്ചു. നിരോധിക്കുകയാണെങ്കിൽ എല്ലാ മതചടങ്ങുകളും നിരോധിക്കണം. രക്ഷാബന്ധൻ പോലുള്ള ചടങ്ങുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്താൻ അനുവദിക്കില്ലെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.

ബി ഗോപാലകൃഷ്ണൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ മതപരമായ ചടങ്ങായതിനാൽ രക്ഷാബന്ധൻ നടത്തുവാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടത്. എന്നിട്ട് വേണം മതവിരുദ്ധ പ്രഖ്യാപനം നടത്താൻ. തനിക്കും തൻ്റെ മതക്കാർക്കും മതപരമായി വേഷഭൂഷാദികൾ അണിയാം, മറ്റുള്ളവർക്ക് പാടില്ലെന്ന് പറയുന്നത് താലിബാനിസമാണ്. ജനാധിപത്യ രാജ്യത്തിൽ ഇത് ശരിയല്ല.

രക്ഷാബന്ധൻ ഏതെങ്കിലും ഒരു മതത്തിൻ്റെ ചടങ്ങല്ല. അത് രാജ്യ സാംസ്കാരത്തിൻ്റെ ഭാഗമണ്. ഇന്ന് രക്ഷാബന്ധൻ നിരോധിച്ചവർ നാളെ മതത്തിൻ്റെ പേരിൽ അണിഞ്ഞ അരഞ്ഞാണച്ചരടും താലിച്ചരടും നിരോധിക്കില്ലേ?ഇതാണോ പുരോഗമന കേരളത്തിൻ്റെ ഉത്തരവ് ? ഡോ. റംലാബീവിയുടെ ഈ ഉത്തരവ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം. നിരോധിക്കുകയാണെങ്കിൽ എല്ലാ മത ചടങ്ങുകളും നിരോധിക്കണം. അല്ലാതെ ഏകപക്ഷീയമായ സമീപനം അംഗീകരിക്കാൻ കഴിയില്ല. രക്ഷാബന്ധൻ എല്ലാ കോളേജുകളിലും നടത്തും. ഡോ. റംലാബീവിയുടെ ഉത്തരവ് ലംഘിക്കുകയും ചെയ്യും.

രക്ഷാബന്ധൻ വടക്കെ ഇന്ത്യയിലെ മഹോത്സവമാണ്. ഇത് നിരോധിക്കാൻ റംലാബീവിക്ക് എന്താണ് അവകാശം? അടുത്ത രക്ഷാബന്ധൻ ദിനത്തിൽ റംലാബീവിക്കും രക്ഷാബന്ധൻ നൽകും. കോളേജുകളിൽ രക്ഷാബന്ധൻ ആഘോഷിക്കുകയും ചെയ്യും. കേരളം പാക്കിസ്ഥാനല്ലെന്ന് ഡോ. റംലാബീവി ഓർക്കുന്നത് നന്നായിരിക്കും. ഡോ. റംലാബീവിക്ക് മതപരമായ ചടങ്ങ് ആയതിനാൽ രക്ഷാബന്ധൻ നിരോധിക്കണമെങ്കിൽ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ, ഇസ്ലാമിക മെഡിക്കൽ കോളേജിൽ ജോലി നോക്കാം. അതിനുള്ള സൗകര്യവും ശരിയാക്കാം. കേരളത്തിൽ ഇരുന്ന് പരമത വിരുദ്ധത പറയാൻ അനുവദിക്കില്ല.