അവന്‍ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല, ബാബുവിനെ കാത്ത് താഴെ പ്രാര്‍ത്ഥനയോടെ ഉമ്മ

മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കരസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ഈ സമയം പ്രാര്‍ത്ഥനയോടെ നെഞ്ചുനീറി നിമിഷങ്ങള്‍ തള്ളി നീക്കുകയാണ് ബാബുവിന്റെ ഉമ്മ റഷീദ. ഈ സമയവും മലയുടെ മുകളിലേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ് അവര്‍. ചൊവ്വാഴ്ച പകല്‍ മുഴുവന്‍ മലയടിവാരത്തില്‍ വന്നിരിക്കുകയായിരുന്നു ബാബുവിന്റെ ഉമ്മ. ഒടുവില്‍ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മലയില്‍ കുടുങ്ങിയ വിവരം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബാബു ഉമ്മയെ വിളിച്ച് അറിയിക്കുകയായിരുന്നു. കുഴപ്പമാെന്നുമില്ലെന്ന് പറഞ്ഞ് ബാബു ഫോണ്‍ വെച്ചു. പിന്നെ ഏറെ നേരം വിളിച്ചിട്ടും ഫോണില്‍ ബന്ധപ്പെടാനായില്ല.

‘അവന്‍ എന്തിനാണ് മലയിലേക്ക് പോയതെന്ന് അറിയില്ല. എന്തിന് പോയതാണെങ്കിലും ആരോടും പറയാതെ പോയത് തെറ്റാണ്. പക്ഷെ എനിക്കെന്റെ മകനെ തിരിച്ചു കിട്ടിയേ പറ്റൂ,’ റഷീദ പറഞ്ഞു. അവന്‍ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ലെന്നും റഷീദ ആശങ്കയോട് പറയുന്നു.

അതേസമയം കരസേന സംഘത്തിന് ബാബുവിന്റെ അടുത്തെത്താന്‍ സാധിച്ചിട്ടുണ്ട്. യുവാവുമായി സംഘം ആശയ വിനിമയം നടത്തി. സുരക്ഷിതനാമെന്ന് അറിയിച്ചു. വെള്ളം വേണമെന്ന് ബാബു ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും, മരുന്നും എത്തിക്കാന്‍ രക്ഷാ ദൗത്യ സംഘം ശ്രമിച്ചു. ബാബുവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഉദ്യേഗസ്ഥര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനുളള കരസേനയുടെ യൂണിറ്റ് മലയാളിയായ ലെഫ്. കേണല്‍ ഹേമന്ത് രാജിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. സ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ബാംഗ്ലൂര്‍ പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള പാരാ കമാന്‍ണ്ടോസും മലമ്പുഴയിലെത്തി. ലഫ്. കേണല്‍ ഹേമന്ത് രാജിന്റെ സംഘത്തിനൊപ്പം ഇവരും ചേര്‍ന്ന് രക്ഷാ പ്രവര്‍ടത്തന നടപടികള്‍ ആരംഭിക്കുമെന്നും എ. പ്രഭാകരന്‍ എംഎല്‍എ പറഞ്ഞിരുന്നു.

മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. തിങ്കള്‍ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതിവഴിയില്‍ മറ്റു രണ്ടു പേര്‍ മടങ്ങിയെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു. പിന്നീട് ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ ഉമ്മയെ ബാബു ഫോണ്‍ ചെയ്ത് താന്‍ കുടുങ്ങി പോയ കാര്യം അറിയിക്കുകയായിരുന്നു.