തുരന്തോ എക്‌സ്പ്രസില്‍ കുഞ്ഞ് പിറന്നു; സ്വാതി രക്ഷകയായി

ഓടുന്ന ട്രെയിനില്‍ സുരക്ഷിതമായി ഒരു കുഞ്ഞ് പിറന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിജയവാഡയിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലാണ് ചൊവ്വാഴ്ച കുഞ്ഞ് സുരക്ഷിതമായി ജനിച്ചത്. തുരന്തോ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ അനകപ്പള്ളി ജില്ലയിലൂടെ സഞ്ചരിക്കുമ്പോൾ ഗർഭിണിയായ ഒരു യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

വെളുപ്പിന് 3.30 ഓടെയായിരുന്നു ഇത്. ആശങ്കയിലായ യുവതിയുടെ കുടുംബാംഗങ്ങൾ കമ്പാർട്ടുമെന്റിലെ മറ്റ് സ്ത്രീ യാത്രക്കാരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഭാഗ്യവശാൽ, GITAM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ ഹൗസ് സർജൻ കെ സ്വാതി റെഡ്ഡി എന്ന 23 കാരി ആ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. സ്വാതിയുടെ സേവനം ​ഗർഭിണിക്ക് ലഭിക്കുകയായിരുന്നു പിന്നെ.

താനൊരു ഡോക്ടറാണെന്ന് വീട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് സ്വാതി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഉപകരണങ്ങളൊന്നും ഇല്ലാതെ യുവ സർജൻ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. മറ്റ് യാത്രക്കാരും കംപാർട്ട്മെന്റിൽ ഉണ്ടായ പോലീസ് ഉദ്യോഗസ്ഥരും സ്വാതിയെ സഹായിക്കാനെത്തി.

ഇതാദ്യമായാണ് സ്വാതി തനിയെ ഒരു പ്രസവം എടുക്കുന്നത്. സൂപ്പർവൈസർമാരോ ശരിയായ ഉപകരണങ്ങളോ ട്രെയിനിൽ ഇല്ലാതിരുന്നതിനാൽ താൻ ടെൻഷനിലായിരുന്നുവെന്നും സ്വാതി പറഞ്ഞു. എന്നിരുന്നാലും, ആരോഗ്യമുള്ള പെൺകുഞ്ഞിനെ പ്രസവിക്കാൻ സഹായിക്കാനായതിൽ സ്വാതി സന്തോഷം പ്രകടിപ്പിച്ചു.

സ്വാതിയുടെ പ്രവൃത്തിയെ യുവതിയുടെ കുടുംബാംഗങ്ങളും ട്രെയിനിലെ യാത്രക്കാരും പ്രശംസിക്കുകയുണ്ടായി. കൂടാതെ മെഡിക്കോയെ GITAM ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരും സ്വാതിക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. സ്വാതിയുടെ സേവന കഥ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്. തെലങ്കാന ഐടി & വ്യവസായ മന്ത്രി കെ ടി രാമറാവു ഉൾപ്പെടെ നിരവധി ആളുകൾ സ്വാതിയെ അഭിനന്ദിച്ചിട്ടുണ്ട്. നവജാത ശിശുവിന് ജീവിതകാലം മുഴുവൻ സൗജന്യ ട്രെയിൻ യാത്രയാണ് റെയിൽവേ വാഗ്ദാനം ചെയ്തിരിക്കുന്നത്.