യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് ജാമ്യം

തിരുവനന്തപുരം : യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് ഉപാധികളോടെ ജാമ്യം. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നാണ് ഫിറോസ് അടക്കമുള്ളവരെ റിമാൻഡ് ചെയ്തത്. തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയാണ് ഫിറോസിന് ജാമ്യം അനുവദിച്ചത്.

പൊലീസുകാരെ ആക്രമിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ജനുവരി 23നാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടു മുതൽ 29 വരെയുള്ള പ്രതികൾക്ക് നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 18നാണ് യൂത്ത് ലീഗ് മാർച്ച് നടന്നത്.

ജനുവരി 23ന് ജാഥ നടത്തൽ, പൊലീസിനെ ആക്രമിക്കൽ, സ്വകാര്യ മുതൽ നശിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി ഫിറോസിനെ അറസ്റ്റ് ചെയ്തു. തുടർന്ന് 14 ദിവസത്തെ റിമാൻഡിനുശേഷം ഫിറോസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.