ടോണി ചമ്മണിയുടെ പോക്കറ്റ് കാലിയാക്കി ജോജു; നഷ്ടപരിഹാരത്തിന് പുറമേ കേസും

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ ദേശീയ പാത ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കാറിനുണ്ടായ നഷ്ടത്തിന്റെ പകുതി കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. അഞ്ചുപേരും 37,500 രൂപ വീതം കോടതിയില്‍ കെട്ടിവെയ്ക്കണം. 50000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. നേതാക്കള്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെ ജയിലില്‍ നിന്ന് ഇറങ്ങും.

അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികള്‍ വാദിച്ചത്. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്.

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ടോണി ചമ്മണി അടക്കമുളളവരാണ് മരട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കൊച്ചിയില്‍ ഇടപ്പളളി -വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലാണ് മുന്‍ മേയര്‍ അടക്കമുളളവരെ പ്രതി ചേര്‍ത്തിരുന്നത്. രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.